സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്; യെച്ചൂരിയോ കാരാട്ടോ? ഇന്നറിയാം

Published On: 2018-04-20 03:45:00.0
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്; യെച്ചൂരിയോ കാരാട്ടോ? ഇന്നറിയാം

ഹൈദരാബാദ്: ബിജെപിയെ അധികാരത്തില്‍ നിന്നും പുറത്താക്കാനുള്ള വിശാല രാഷ്ട്രീയ സഖ്യത്തില്‍ കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്തുന്നതിനെ ചൊല്ലി സിപിഎം പാര്‍ട്ടികോണ്‍ഗ്രസില്‍ അഭിപ്രായഭിന്നത. കരടു രാഷ്ട്രീയ പ്രമേയത്തിന്മേല്‍ വ്യാഴാഴ്ച നടന്ന പൊതുചര്‍ച്ചയില്‍ ഭിന്നത രൂക്ഷമായതോടെ രഹസ്യവോട്ടെടുപ്പ് നടത്തണമെന്ന ആവശ്യമുയര്‍ന്നിരുന്നു. അതിനാല്‍ പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ മൂന്നാംദിവസമായ ഇന്ന് നിര്‍ണായകമായിരിക്കും.

കേന്ദ്രനേതൃത്വത്തിലെ അഭിപ്രായവൈരുദ്ധ്യം പാര്‍ട്ടികോണ്‍ഗ്രസിലും പ്രതിഫലിക്കുകയായിരുന്നു. ബിജെപിക്ക് എതിരായ പ്രതിപക്ഷ ഐക്യത്തിന് വേണ്ടി പ്രസ്തുത വിഷയത്തില്‍ രഹസ്യവോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ടത് മഹാരാഷ്ട്ര പ്രതിനിധി ഉദയ് നിര്‍വേല്‍ക്കറാണ്. കോണ്‍ഗ്രസിനെ രാഷ്ട്രീയചേരിയില്‍ ഉള്‍പ്പെടുത്തണമെന്ന യെച്ചൂരിയുടെ നിലപാടിനൊപ്പം നിന്നത് തമിഴ്നാട്, അസം സംസ്ഥാനങ്ങള്‍ മാത്രമാണ്.

ആന്ധ്രാപ്രദേശ്, ബീഹാര്‍, ഹരിയാന, രാജസ്ഥാന്‍, ഡല്‍ഹി സംസ്ഥാനങ്ങള്‍ ഔദ്യോഗിക പ്രമേയത്തെ അംഗീകരിച്ചു. കാരാട്ട് പക്ഷത്തോടൊപ്പം ഉറച്ച് നില്‍ക്കുന്ന കേരളമുള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്നതിനെ ശക്തമായി എതിര്‍ത്തു. കോണ്‍ഗ്രസുമായി സഹകരിക്കുന്നത് ആത്മഹത്യാപരമാണെന്നും നാളത്തെ ബിജെപി യാണ് ഇന്നത്തെ കോണ്‍ഗ്രസെന്നും കേരളത്തില്‍ നിന്നുള്ള പി രാജീവ് പറഞ്ഞു.

ത്രിപുരയിലെ തെരഞ്ഞെടുപ്പ് അനുഭവത്തിന്റെ വെളിച്ചത്തില്‍ കോണ്‍ഗ്രസിനെ ഒപ്പം ചേര്‍ക്കുന്നത് ഉചിതമല്ലെന്ന് തപന്‍ ചക്രവര്‍ത്തി പറഞ്ഞു. കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപി ക്ക് ചോര്‍ന്നതാണ് അവരുടെ വിജയത്തിന്റെ കാരണമെന്നും അദ്ദഹം പറഞ്ഞു. ഹിമാചല്‍പ്രദേശില്‍ നിന്നുള്ള രാകേഷ് സിന്‍ഘയും കോണ്‍ഗ്രസ് സഖ്യത്തെ ശക്തമായി എതിര്‍ത്തു. രഹസ്യവോട്ടെടുപ്പിന് ഭരണഘടനപരമായി വ്യവസ്ഥയില്ലെന്ന് കാരാട്ട് പക്ഷം വാദിച്ചു. എന്നാല്‍ അങ്ങനെയൊരു പ്രഖ്യാപിത വ്യവസ്ഥയില്ലെന്നും ഭേദഗതികളില്‍ ആരെങ്കിലും വോട്ടെടുപ്പ് ആവശ്യപ്പെട്ടാല്‍ പാര്‍ട്ടി കോണ്‍ഗ്രസ് അത് പരിഗണിക്കുമെന്നും യെച്ചൂരി വ്യക്തമാക്കി.

Top Stories
Share it
Top