കാലിന്മേല്‍ കാൽ കയറ്റിവച്ചു; തമിഴ്നാട്ടിൽ മൂന്ന് ദളിതരെ കൊലപ്പെടുത്തി

Published On: 1 Jun 2018 1:00 PM GMT
കാലിന്മേല്‍ കാൽ കയറ്റിവച്ചു; തമിഴ്നാട്ടിൽ മൂന്ന് ദളിതരെ കൊലപ്പെടുത്തി

ശിവ​ഗം​ഗ (തമിഴ്നാട്): പൊതുസ്ഥലത്ത് കാലിന്മേല്‍ കാല്‍ കയറ്റിവെച്ചതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ മൂന്ന് ദളിതരെ കൊലപ്പെടുത്തി. തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലെ കച്ചാനത്തം ഗ്രാമത്തിലാണ് ക്രൂരമായ സംഭവം നടന്നത്. സവർണ്ണ ജാതിയില്‍പെട്ടവരാണ് കൊലപാതകം നടത്തിയത്. ദളിതർക്കെതിരായ അക്രമണത്തിൽ കെ അറുമുഖന്‍ (65), എ ഷണ്‍മുഖന്‍ (31), ഒപ്പം സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ചന്ദ്രശേഖര്‍ എന്നയാളുമാണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ 26നാണ് കൊലപാതകത്തിന് ആസ്പദമായ സംഭവം നടന്നത്. കച്ചാനത്തം ​ഗ്രാമത്തിലെ കുറുപ്പുസ്വാമി അമ്പലത്തിന് മുന്നില്‍ കാലിന്മേല്‍ കാല്‍ കയറ്റി വെച്ചിരുന്ന‌ ദളിതരായ തൈവെന്തിരന്‍, പ്രഭാകരന്‍ എന്നിവർക്ക് നേരെ ഉന്നത ജാതിയില്‍പെട്ടവര്‍ മര്യാദകേട് കാണിച്ചു എന്നു പറഞ്ഞ് അക്രമിക്കുകയായിരുന്നു. ഇതിനെതിരെ ഇരുവരും പൊലീസിൽ പരാതി നൽകുകയും ഉന്നത ജാതിയിൽപ്പെട്ട രണ്ട് പേരെ പൊലീസ് കസ്റ്റഡില്‍ എടുക്കുകയും ചെയ്തു.

ഇതേ തുടര്‍ന്ന് ഉന്നതജാതിയില്‍പെട്ടവര്‍ ദളിതർക്ക് നേരെ അക്രമം അഴിച്ചുവിടുകയായിരുന്നു. വൈദ്യുതിബന്ധം വിച്ഛേദിച്ചാണ് അക്രമം നടത്തിയത്. ഇതിനിടയിലാണ് അറുമുഖൻ, ഷൺമുഖൻ, എന്നിവർ കൊല്ലപ്പെട്ടത്. പൊലീസുകാര്‍ അക്രമിസംഘത്തിന് ഒത്താശ ചെയ്തെന്ന് ഗ്രാമവാസികള്‍ ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ ആരോപണവിധേയരായ പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു.

Top Stories
Share it
Top