ജനിച്ച നഗരത്തിൽ തെരുവിലുറങ്ങി ജനം; ഭവനരഹിതരിൽ അഞ്ചിൽ മൂന്നു പേർ കുടിയേറ്റക്കാരല്ല

ജാതി വ്യവസ്ഥ ആളുകളെ സാമ്പത്തികമായും സാമൂഹികമായും രാഷ്ട്രീയമായും പിന്നിലേക്കാക്കുന്നു

ജനിച്ച നഗരത്തിൽ തെരുവിലുറങ്ങി ജനം; ഭവനരഹിതരിൽ അഞ്ചിൽ മൂന്നു പേർ കുടിയേറ്റക്കാരല്ല

ന്യൂഡൽഹി: തെരുവിൽ കഴിയുന്ന അഞ്ചിൽ മൂന്നു പേർ കുടിയേറ്റക്കാരല്ലെന്നും ജനിച്ചു വീണ നഗരത്തിലാണ് ഭവനരഹിതരായി ജീവിക്കുന്നതെന്നും സർവേ. യൂറോപ്യൻ യൂണിയന്റെ ധനസഹായത്തോടെ പ്രവർത്തിക്കുന്ന എൻ.ജി.ഒ ഇന്തോ ഗ്ലോബൽ സോഷ്യൽ സോസൈറ്റി ആൻഡ് ഓർഗനൈസേഷൻ ഫോർ എത്യാമസ് റെസ്‌പെക്ട് (ഓഫർ) ഇന്ത്യയിലെ 15 നഗരങ്ങളിലാണ് സർവേ നടത്തിയത്. തെരുവിൽ കഴിയുന്ന 4382 പേരെയാണ് സർവേയ്ക്ക് വേണ്ടി അഭിമുഖം ചെയ്തത്. പലരും തലമുറകളായി തെരുവിൽ കഴിയുന്നവരാണ്. ഭവനരഹിതരിൽ നാലിൽ മൂന്നു പേരും ദലിത് വിഭാഗത്തിൽ നിന്നുള്ളവരാണ്.

തെരുവിൽ കഴിയുന്ന 40 ശതമാനം പേർ കുടിയേറിപാർത്തവരാണ്. 78.9 ശതമാനം പേർ ഉപജീവനമാർഗം തേടിയും 13.7 ശതമാനം പേർ കുടുംബ കലഹങ്ങൾ മൂലവുമാണ് തെരുവിലെത്തിയത്. ഭവന രഹിതരിൽ 60 ശതമാനവും അവർ ജനിച്ച നഗരങ്ങളിൽ നിന്നുള്ളവരാണ് ഇത് നഗരങ്ങളിലെ തലമുറകളായി തുടരുന്ന ദാരിദ്ര്യവും എടുത്തുകാണിക്കുന്നു. ഇവർ അവകാശങ്ങൾ നേടിയെടുക്കാൻ നിരന്തരമായി പോരാടുകയാണെന്നും സർവേ പറയുന്നു.

നഗരങ്ങളിലെ ഭവന രഹിതരിൽ 36 ശതമാനം എസ്. സി യും 23 ശതമാനം എസ്.ടിയുമാണ്. ഒ.ബി.സി വിഭാഗം 21 ശതമാനവും ബാക്കിയുള്ളവർ 20 ശതമാനവുമാണ്. ഇന്ത്യയിലെ ജാതിവ്യവസ്ഥ ആളുകളെ സാമ്പത്തികമായും സാമൂഹികമായും രാഷ്ട്രീയമായും പിന്നിലേക്കാക്കുകയും അരികുവത്ക്കരിത്ത് മനുഷ്യത്വരഹിതമായ അവസ്ഥയിലേക്ക് തള്ളിവിടുകയാണെന്നും റിപ്പോർട്ട് പറയുന്നു.

5 ശതമാനം ഭവന രഹിതർക്കും ഐഡന്റിറ്റി കാർഡുകളുണ്ട്. 66.4 ശതമാനം പേർക്ക് ആധാറുണ്ട്. എന്നാൽ 18.1 ശതമാനം പേർക്ക് മാത്രമാണ് സബ്‌സിഡി നിരക്കിൽ റേഷൻ ലഭിക്കുന്നത്. 12 ശതമാനം പേർ ഭവനരഹിതർക്കായുള്ള ഷെൽട്ടറുകൾ ഉപയോഗപ്പെടുത്തുന്നുണ്ട്. 17.5 ശതമാനം പേർ ജീവിക്കുന്നത് പിച്ചയെടുത്തിട്ടാണ്. 82.1 ശതമാനം ആളുകൾ ദിവസക്കൂലിക്ക് വേണ്ടി പണിയെടുക്കുന്നവരാണ്.

Read More >>