മഴയിലും വെള്ളപൊക്കത്തിലും അഞ്ച് സംസ്ഥാനങ്ങളിലായി 465 മരണം; കേരളത്തില്‍ 125

Published On: 28 July 2018 11:15 AM GMT
മഴയിലും വെള്ളപൊക്കത്തിലും അഞ്ച് സംസ്ഥാനങ്ങളിലായി 465  മരണം; കേരളത്തില്‍ 125

വെബ്ഡസ്‌ക്: കനത്ത മഴയിലും വെള്ളപൊക്കത്തിലും അഞ്ച് സംസ്ഥാനങ്ങളിലായി 465 പേര്‍ മരിച്ചതായി കണക്കുകള്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ദേശീയ അടിയന്തിര പ്രതികരണ കേന്ദ്രമാണ് ഞെട്ടിക്കുന്ന കണക്ക് പുറത്തു വിട്ടത്. മഹാരാഷ്ട്രയില്‍ 138, കേരളത്തില്‍ 125, പശ്ചിമ ബംഗാളില്‍ 116, ഗുജറാത്തില്‍ 52, അസാമില്‍ 34, എന്നീ സംസ്ഥാനങ്ങളിലായാണ് 465 പേര്‍ മരിച്ചത്.

മഹാരാഷ്ട്രയില്‍ 26 ജില്ലകളില്‍ കനത്ത മഴയായിരുന്നു. ഇതു കാരണം മഹാരാഷ്ട്രയില്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ മൂന്ന് സ്‌റ്റേഷനുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

അസാമില്‍ 14 ജില്ലകളിലെ 10.17 ലക്ഷം പേരാണ് വെള്ളപൊക്കത്തിന്റെയും കനത്തമഴയുടേയും ദുരിതം പേറുന്നത്. ഇതില്‍ 2.17 ലക്ഷം പേര്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുകയാണ്. ദേശീയ ദുരന്ത നിവാരണ സേനയുടെ 12 ടീമുകളാണ് ആസാമില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

പശ്ചിമ ബംഗാളില്‍ 1.61 ലക്ഷം പേരെയാണ് വെള്ളപൊക്കവും മഴയും ബാധിച്ചത്. 22 ജില്ലകളില്‍ കനത്തമഴയും വെള്ളപൊക്കവുമുണ്ടായി. ഇവിടെ എന്‍.ഡി.ആര്‍.എഫിന്റെ എട്ട് ടീമുകളാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

കനത്തമഴയും വെള്ളപൊക്കവും കാരണം 15912 പേരെയാണ് ഗുജറാത്തില്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ പതിനൊന്ന് ടീമുകളുടെ സഹായത്തോടെ അവരുടെ വീടുകളില്‍നിന്നും സുരക്ഷിത താവളങ്ങളിലേക്ക് മാറ്റിയത്.

കാലവര്‍ഷം കടുത്തതോടെ കേരളത്തിലേയും സ്ഥിതിവിശേഷം മറിച്ചല്ല. 1.43 ലക്ഷം പേരെയാണ് വെള്ളപൊക്കവും പ്രകൃതി ദുരന്തങ്ങളും ബാധിച്ചത്. 125 പേരുടെ മരണം കേരളത്തില്‍ സ്ഥീകരിച്ചിട്ടുണ്ട്. ഒമ്പത് പേരെ ഇതുവരെ കണ്ടെത്തിയിട്ടില്ല.

Top Stories
Share it
Top