പൊലീസ് ആസ്ഥാനത്തെ സമരം വിജയം; അറസ്റ്റിലായ ജാമിയ വിദ്യാര്‍ത്ഥികളെ വിട്ടയച്ചു

ജെ.എൻ.യു, ജാമിയ വിദ്യാർഥികളുടെ നേതൃത്വത്തിൽ ഡൽഹി പൊലീസ് ആസ്ഥാനത്തു വിദ്യാർഥികൾ നടത്തിയ ഉപരോധസമരത്തെ തുടർന്നാണ് അറസ്റ്റിലായ വിദ്യാർത്ഥികളെ പൊലീസ് വിട്ടയച്ചത്.

പൊലീസ് ആസ്ഥാനത്തെ സമരം വിജയം; അറസ്റ്റിലായ ജാമിയ വിദ്യാര്‍ത്ഥികളെ വിട്ടയച്ചു

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിൽ നിന്നും പൊലീസ് അറസ്റ്റു ചെയ്ത വിദ്യാർത്ഥികളെ വിട്ടയച്ചു. ജാമിയയിൽ നിന്നു ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്ത അമ്പതോളം വിദ്യാർഥികളെ തിങ്കളാഴ്ച പുലര്‍ച്ചെ 3.30 ഓടെ വിട്ടയച്ചതായി ഡല്‍ഹി പോലീസ് പി.ആര്‍.ഒ. എം.എസ്.രൺധവ അറിയിച്ചു.

50 വിദ്യാർത്ഥികളിൽ 35 പേരെ കൽകാജി പൊലീസ് സ്റ്റേഷനിൽ നിന്നും 15 പേരെ ന്യൂ ഫ്രണ്ട്‌സ് കോളനി പൊലീസ് സ്റ്റേഷനിൽ നിന്നുമാണ് വിട്ടയച്ചത്.

സർവ്വകലാശാല അധികൃതരുടെ അനുവാദം പോലും ഇല്ലാതെ കാംപസിനകത്തേക്ക് കടന്നുകയറിയ പൊലീസ് വിദ്യാർത്ഥികൾക്കെതിരെ വൻ അക്രമണമാണ് നടത്തിയത്. ഇതിനെതിരെ ജെ.എൻ.യു, ജാമിയ വിദ്യാർഥികളുടെ നേതൃത്വത്തിൽ ഡൽഹി പൊലീസ് ആസ്ഥാനത്തു വിദ്യാർഥികൾ നടത്തിയ ഉപരോധസമരത്തെ തുടർന്നാണ് അറസ്റ്റിലായ വിദ്യാർത്ഥികളെ പൊലീസ് വിട്ടയച്ചത്. ഇവരെ വിട്ടയച്ചതോടെ സമരക്കാർ പൊലീസ് ആസ്ഥാനത്തു നിന്നു പിൻവാങ്ങുന്നതായി അറിയിച്ചു.

സി.പി.ഐ.എം നേതാവ് ബൃന്ദാ കാരാട്ട്, സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജ, സി.പി.ഐ നേതാവ് ആനി രാജ, ദളിത് നേതാവും ഭീം ആർമി തലവനുമായ ചന്ദ്രശേഖർ ആസാദ് തുടങ്ങിയവർ പ്രതിഷേധത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പൊലീസ് ആസ്ഥാനത്തിനു മുന്നിലെത്തി സമരക്കാർക്കൊപ്പം അണിചേർന്നിരുന്നു.

എന്നാൽ കേന്ദ്ര സർക്കാരിന്റെ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം തുടരുമെന്നും തങ്ങൾക്കെതിരെ നടന്ന പൊലീസ് അക്രമത്തിൽ നടത്തിവരുന്ന പ്രതിഷേധങ്ങൾ അവസാനിപ്പിക്കില്ലെന്നും ഉപരോധസമരം മാത്രമാണു പിൻവലിച്ചതെന്നും ജാമിയ വിദ്യാർഥികൾ അറിയിച്ചു.

ജാമിയയിലെ അക്രമത്തിനെതിരെ രാജ്യമെമ്പാടും ഇന്നലെ രാത്രിയും തിങ്കളാഴ്ച പുലർച്ചെയുമായി വിദ്യാർഥികളും രാഷ്ട്രീയപ്പാർട്ടികളും വിവിധ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു. ജാമിയ വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അലിഗഢ് മുസ്ലിം സർവകലാശാല, ബനാറസ് ഹിന്ദു സർവകലാശാല, ബോംബെ സർവകലാശാല, ,ഹൈദരാബാദ് മൗലാന ആസാദ് ഉര്‍ദു സര്‍വകലാശാല, ജെ.എന്‍.യു, ജാദവ്പുര്‍ സര്‍വകലാശാല, ബോംബെ ഐഐടി തുടങ്ങിയ കലാലയങ്ങളിലെ വിദ്യാർഥികൾ തെരുവിലിറങ്ങി.

Read More >>