ശിവസേന നേതാവ് ആദിത്യ താക്കറെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ കണ്ടു

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിവിളിച്ചു ചേർത്ത യോഗത്തിൽ ശിവസേന പങ്കെടുത്തിരുന്നില്ല. ഈ സന്ദര്‍ഭത്തിലാണ് ആദിത്യയുടെ സന്ദര്‍ശനം

ശിവസേന നേതാവ് ആദിത്യ താക്കറെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ കണ്ടു

ന്യൂഡൽഹി: മഹാരാഷ്ട്ര മന്ത്രിയും ശിവസേന നേതാവുമായ ആദിത്യ താക്കറെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസം നടന്ന പ്രതിപക്ഷ നേതാക്കളുടെ യോഗത്തിൽ നിന്നും ശിവസേന പിന്മാറിയതിന്‍റെ കാരണം ഇന്നത്തെ കൂടിക്കാഴ്ചയില്‍ രാഹുലുമായി പങ്കുവച്ചെന്നാണ് വിവരം.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിവിളിച്ചു ചേർത്ത യോഗത്തിൽ ശിവസേന പങ്കെടുത്തിരുന്നില്ല. മഹാരാഷ്ട്രയിൽ കോൺഗ്രസുമായി സഖ്യം ചേർന്ന് ഭരിക്കുന്ന ശിവസേന യോഗത്തിൽ പങ്കെടുക്കാതിരുന്നതിൽ പാർട്ടിക്കുള്ളിൽ മുറുമുറുപ്പുണ്ടെന്നും സൂചനയുണ്ട്.

ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസിനെ തണുപ്പിക്കാനുള്ള ആദിത്യയുടെ സന്ദര്‍ശനം.സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ അന്തരീക്ഷം സംബന്ധിച്ചും വികസന പ്രവർത്തനങ്ങളെ കുറിച്ച് രാഹുലുമായി ചർച്ചചെയ്തതായാണ് വിവരം. സിഎഎക്കെതിരെ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നുവെങ്കിലും വിഷയത്തില്‍ ശിവസേനയുടെ നിലപാട് രാഹുലിനു മുന്നില്‍ ആദിത്യ വ്യക്തമാക്കിയെന്നും സൂചനയുണ്ട്.

രാഹുലുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ആദിത്യ താക്കറെ മുതിർന്ന കോൺഗ്രസ് നേതാവായ അഹമ്മദ് പട്ടേലിനെ വീട്ടിലെത്തി കാണും. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ ഇരുവരും ചർച്ചചെയ്യും.

മഹാരാഷ്ട്ര സർക്കാർ രൂപീകരണത്തിനു ശേഷം ആദ്യമായാണ് ശിവസേനയിലെ യുവ നേതാവ് കോൺഗ്രസിന്റെ മുതിർന്ന നേതാക്കളെ സന്ദർശിക്കുന്നത്.


Read More >>