സുപ്രീംകോടതിയുടെ വിധി; ഔദ്യോഗിക വസതിയുടെ പേരുമാറ്റി മായാവതി, സമയം ചോദിച്ച് അഖിലേഷ് യാദവ് 

Published On: 21 May 2018 11:00 AM GMT
സുപ്രീംകോടതിയുടെ വിധി; ഔദ്യോഗിക വസതിയുടെ പേരുമാറ്റി മായാവതി, സമയം ചോദിച്ച് അഖിലേഷ് യാദവ് 

ലഖ്‌നൗ: മുന്‍ മുഖ്യമന്ത്രിമാര്‍ ഔദ്യോഗിക വസതികള്‍ ഒഴിയണമെന്ന സുപ്രീംകോടതി വിധിയെ തുടര്‍ന്ന് രണ്ടു വര്‍ഷത്തെ സാവകാശം ആവശ്യപ്പെട്ട് സമാജ് വാദി പാര്‍ട്ടി ദേശീയ അദ്ധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് സര്‍ക്കാറിന് കത്തയച്ചു. അതേസമയം ബി.എസ്.പി അദ്ധ്യക്ഷ മായാവതിയുടെ വീടിന് മുന്നില്‍ ബി.എസ്.പി സ്ഥാപക നേതാവും സാമൂഹിക പരിഷ്‌കര്‍ത്താവുമായ കാശീറാം സ്മാരക മന്ദിരം എന്ന ബോര്‍ഡ് വച്ചു. സുപ്രീംകോടതി വിധിയെ തുടര്‍ന്ന് അഖിലേഷ് യാദവ്, മായാവതി എന്നിവരടക്കം ആറ് പേര്‍ക്കാണ് സര്‍ക്കാര്‍ നോട്ടീസ് നല്‍കിയത്.

മുന്‍ മുഖ്യമന്ത്രി എന്ന സുരക്ഷാ സംവിധാനങ്ങളോടെ ലഖ്‌നൗയില്‍ താമസിക്കാന്‍ തക്ക സൗകര്യം നിലവിലില്ലെന്നും രണ്ട് വര്‍ഷം കൂടി ഔദ്യോഗിക വസതി ഉപയോഗിക്കാന്‍ അനുവദിക്കണമെന്നുമാണ് അഖിലേഷ് സര്‍ക്കാറിനയച്ച കത്തില്‍ പറയുന്നത്.

മായാവതിക്ക് പുതുതായി താമസിക്കാനുള്ള വീടിന്റെ മിനുക്കു പണികള്‍ നടക്കുകയാണെന്നും ഈ ആഴ്ചയോടെ മായാവതി അവിടേക്ക് താമസം മാറുമെന്നുമാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. അതിനിടെയാണ് മായാവതി താമസിക്കുന്ന വീടിന് മുന്നില്‍ പുതിയ ബോര്‍ഡ് വരുന്നത്. വീട് നിലനിര്‍ത്താനുള്ള ശ്രമമാണിതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

സുപ്രീംകോടതി വിധി വന്നതിനെ തുടര്‍ന്ന് മുന്‍മുഖ്യമന്ത്രിമാരായ രാജ്‌നാഥ് സിംഗും കല്യാണ്‍ സിംഗും താമസം മാറാന്‍ തയ്യാറായി. മുലായം സിംഗ് യാദവും പുതിയ താമസ സ്ഥലത്തേക്ക് മാറുന്നുണ്ട്.

മുന്‍ മുഖ്യമന്ത്രിമാര്‍ സര്‍ക്കാര്‍ ബംഗ്ലാവ് ഉപയോഗിക്കുന്നത് ഭരണ ഘടനയുടെ ആര്‍ട്ടിക്കിള്‍ 14 പ്രകാരം തുല്യതയ്ക്കുള്ള അവകാശത്തിന് എതിരാണെന്ന് ചൂണ്ടികാട്ടി ജസ്റ്റിസ് രംജന്‍ ഗഗോയി അദ്ധ്യക്ഷനായ ബെഞ്ചാണ് വസതികള്‍ ഒഴിയാന്‍ വിധിച്ചത്.

Top Stories
Share it
Top