കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെ ഡി എസ് ബന്ധം ജനവിധിക്കെതിരായത്: അമിത് ഷാ

Published On: 21 May 2018 12:30 PM GMT
കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെ ഡി എസ് ബന്ധം ജനവിധിക്കെതിരായത്: അമിത് ഷാ

ന്യൂഡല്‍ഹി: കര്‍ണാടകയിലെ ജനവിധിക്കെതിരാണ് കോണ്‍ഗ്രസ് -ജെ ഡി എസ് ബന്ധമെന്ന് ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഇരു മുന്നണികളും കൂടി കര്‍ണാടകയില്‍ ഭരണം കൈയ്യാളുന്നത് അനീതിയാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിനും ജെ ഡി എസിനുമെതിരാണ് കര്‍ണാടകത്തിലെ ജനവിധി. സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷി ബി ജെ പി തന്നെയാണ്. ബി ജെ പിയുടെ വോട്ട് വിഹിതത്തില്‍ വന്‍ വര്‍ദ്ധനയാണ് ഉണ്ടായതെന്നും ഷാ പറഞ്ഞു.


ഈ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ കോണ്‍ഗ്രസ് വിരുദ്ധ നിലപാട് വ്യക്തമായിരുന്നു. അവരുടെ പകുതിയിലേറെ മന്ത്രിമാര്‍ ഈ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു, മുഖ്യമന്ത്രിയായിരുന്ന സിദ്ധരാമയ്യ ഒരു സീറ്റില്‍ മാത്രമാണ് വിജയിച്ചത്. എന്നിട്ടും എന്തിനാണ് കോണ്‍ഗ്രസ് ആഘോഷിക്കുന്നത്? അമിത് ഷാ വിമര്‍ശിച്ചു. കേവലം 37 സീറ്റുമാത്രമാണ് ജെ ഡി എസിന് സ്വന്തമായുള്ളത്. ഇരുപാര്‍ട്ടികളും ജനങ്ങളെ വഞ്ചിക്കുകയാണെന്നും അമിത് ഷാ കുറ്റപ്പടുത്തി.


ബി ജെ പി കര്‍ണാടകയില്‍ കുതിരക്കച്ചവടം നടത്തിയെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. എന്നാല്‍ ജെ ഡി എസുമായി ചേര്‍ന്ന് കോണ്‍ഗ്രസാണ് കുതിരക്കച്ചവടം നടത്തിയത് അമിത് ഷാ ആരോപിച്ചു. കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശം ഞങ്ങള്‍ക്കുണ്ടായിരുന്നു, അതുകൊണ്ടാണ് ഞങ്ങള്‍ അതിന് അവകാശവാദമുന്നയിച്ചത് ഷാ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജിക്കൊ, രാഹുല്‍ ഗാന്ധിക്കൊ എന്ത് ചെയ്യാന്‍ പറ്റും? അമിത് ഷാ ചോദിച്ചു. ഇത്തരത്തിലുള്ള പുതിയ സഖ്യങ്ങളിലൂടെ ബിജെപി എറ്റവും വലിയ ഒറ്റക്കക്ഷിയാവുകയാണ് ചെയ്തതെന്നും അമിത് ഷാ പറഞ്ഞു.

Top Stories
Share it
Top