സമരങ്ങളെ അടിച്ചമര്‍ത്താന്‍ വിദ്യാര്‍ഥികളെ മാവോയിസ്റ്റുകളാക്കി ആന്ധ്ര സര്‍ക്കാര്‍; കൊല ചെയ്യാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് കേസെടുത്തു

Published On: 24 April 2018 10:45 AM GMT
സമരങ്ങളെ അടിച്ചമര്‍ത്താന്‍ വിദ്യാര്‍ഥികളെ മാവോയിസ്റ്റുകളാക്കി ആന്ധ്ര സര്‍ക്കാര്‍; കൊല ചെയ്യാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് കേസെടുത്തു

ഹൈദരാബാദ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറെ കൊല്ലാന്‍ ശ്രമിച്ചുവെന്നാരോപിച്ച് രണ്ട് പൂര്‍വ്വ വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് ആരോപണം ഉയരുന്നു. മാവോയിസ്റ്റുകളുടെ നിര്‍ദ്ദേശ പ്രകാരം വൈസ് ചാന്‍സലറായ അപ്പാറാവുപോഡിലെയെ കൊല്ലാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് ഇരുവരേയും ആന്ധ്ര പൊലീസ് അറസ്റ്റുചെയ്തത്. പ്രൃഥ്‌വിരാജ് അംഗാല, ചന്ദന്‍ മിസ്ര എന്നിവരെയാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായത്.

ഇവരില്‍ നിന്നും ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു. വൈസ് ചാന്‍സലറെ കൊല്ലാനുള്ള ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയതായി മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. എന്നാല്‍, ഇരുവരുടേയും അറസ്റ്റ് സംബന്ധിച്ച് ബന്ധുക്കളും സുഹൃത്തുക്കളും ശക്തമായ വിമര്‍ശനങ്ങളുമായി രംഗത്തെത്തി. സര്‍വ്വകലാശാലയില്‍ പുരോഗമനപരമായ വിദ്യാഭ്യാസ സമ്പ്രദായം കൊണ്ടുവരാന്‍ പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര സംഘടനയായ തെലങ്കാന വിദ്യാര്‍ഥി വേദികയുടെ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു.

ഇവരുടെ അറസ്റ്റുമായി ബന്ധപെട്ട് പൊലീസ് കെട്ടുകഥ ചമക്കുകയാണെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. മാവോയിസ്റ്റായ പുല്ലുരി പ്രസാദ് റാവുവിന്റെ രോഗിയായ ഭാര്യയെ സഹായിച്ച പേരില്‍ പ്രൃഥ്‌വിരാജ് അംഗാലക്കെതിരെ നിരവധി വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാളുടെ കുടുംബം നാടുവിട്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു. പിന്നീട് പ്രൃഥ്‌വിരാജ് അംഗാല ഹൈദരാബാദില്‍ എത്തുകയും വിദ്യാര്‍ഥി വേദികയില്‍ തന്റെ പ്രവര്‍ത്തനം സജീവമാക്കുകയായിരുന്നു.

തെലങ്കാന അതിര്‍ത്തിയില്‍ നിന്നും അംഗാലയെയും മിസ്രയേയും അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് പൊലീസ് പറയുന്നു. എന്നാല്‍ അംഗാലയുടെ പിതാവ് ഇത് നിഷേധിച്ചു. 2014ല്‍ തെലങ്കാന സംസ്ഥാനം രൂപപ്പെട്ടത് മുതല്‍ സ്വതന്ത്ര വിദ്യാഭ്യാസം സംസ്ഥാനത്ത് നടപ്പാക്കണമെന്ന ശക്തമായ വാദവുമായി വിദ്യാര്‍ഥി വേദിക രംഗത്തുണ്ട്.കോളേജ് അധികൃതരുടെ പീഡനത്തില്‍ രോഹിത് വെമുലയടക്കം നിരവധി പേരാണ് വിവിധ ക്യാമ്പസുകളില്‍ ജീവനൊടുക്കിയത്. തുടര്‍ന്ന് സംസ്ഥാന തലത്തില്‍ തന്നെ ശക്തമായസമരങ്ങള്‍ക്ക് വിദ്യാര്‍ഥി വേദിക തുടക്കമിടുകയായിരുന്നു.

ഇതിനു പിന്നാലെയാണ് സര്‍ക്കാര്‍ പ്രതികാര നടപടികള്‍ സ്വീകരിച്ചുതുടങ്ങിയതെന്ന് വേദിക പ്രവര്‍ത്തകര്‍ പറയുന്നു. നിരവധി നേതാക്കളെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു. സമരം അടിച്ചമര്‍ത്താന്‍ നിരന്തരമായി കള്ളക്കേസുകളും സര്‍ക്കാര്‍ തലത്തില്‍ തുടരുകയാണെന്നും വേദിക പ്രവര്‍ത്തകര്‍ പറഞ്ഞു.

Top Stories
Share it
Top