കുട്ടിപിടിത്ത കുപ്രചാരത്തിനെതിരെ പ്രവര്‍ത്തിച്ചയാളെ അടിച്ചുകൊന്നു

Published On: 30 Jun 2018 4:30 AM GMT
കുട്ടിപിടിത്ത കുപ്രചാരത്തിനെതിരെ പ്രവര്‍ത്തിച്ചയാളെ അടിച്ചുകൊന്നു

വെബ്ഡസ്‌ക്: അവയവങ്ങള്‍ വില്‍ക്കുന്നതിനായി കുട്ടികളെ തട്ടികൊണ്ടുപോകുന്നുവെന്ന പ്രചാരണത്തിനെതിരെ പ്രവര്‍ത്തിച്ച യുവ ഉദ്യോഗസ്ഥനെ ആള്‍ക്കൂട്ടം അടിച്ചുകൊന്നു. ത്രിപുരയിലാണ് സംഭവം. സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ പ്രചാരണത്തെ തടയാന്‍ ത്രിപുര ഇന്‍ഫോര്‍മേഷന്‍ & സംസ്‌കാരിക വകുപ്പ് പ്രത്യേകം ഏര്‍പ്പാടാക്കിയ ഉദ്യോഗസ്ഥന്‍ സുകന്ത ചക്രബര്‍ത്തിയെയാണ് വ്യാഴാഴ്ച ആള്‍ക്കൂട്ടം അടിച്ചുകൊന്നത്.

33 കാരനായ ചക്രബര്‍ത്തി ഉള്‍പ്പടെ മൂന്ന് പേരാണ് ഈ ആഴ്ച്ചയില്‍ കുട്ടിക്കടത്ത് പ്രചാരണവുമായി ബന്ധപ്പെട്ട് ത്രിപുരയില്‍ കൊല്ലപ്പെട്ടത്. ആള്‍ക്കൂട്ട ആക്രമണത്തില്‍ ഒരു പോലീസ് കോണ്‍സ്റ്റബിള്‍ ഉള്‍പ്പടെ അഞ്ചുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഉച്ചഭാഷിണി ഉപയോഗിച്ച് തെരുവുകളില്‍ കുട്ടിപ്പിടുത്ത കുപ്രചാരണത്തിനെതിരെ ബോധവല്‍ക്കരണം ചെയ്യുകയായിരുന്നു ചക്രബര്‍ത്തി.

''സബ്രൂമിലേക്ക് തിരിച്ചുവരുന്നതിനിടയില്‍ കലാച്ചാരയില്‍ വെച്ച് ചക്രബര്‍ത്തിയുടെ വാഹനം ഒരു സംഘം ആളുകള്‍ ആക്രമിക്കുകയായിരുന്നു. ആക്രമത്തില്‍ അദ്ദേഹം കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ ഡ്രൈവര്‍ ഗുരുതര പരിക്കോടെ ഓടി രക്ഷപ്പെട്ടു.'' അസിസ്റ്റന്റ് ഇന്‍സ്പക്ടര്‍ സ്മൃതി രഞ്ജന്‍ ദാസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

നേരത്തെ ബിഹാര്‍, യുപി എന്നീ സംസ്ഥാനങ്ങളില്‍ ത്രിപുരയിലെത്തിയ 3 വഴിയോര കച്ചവടക്കാരെ കുട്ടികളെ തട്ടികൊണ്ടുപോകുന്നയാള്‍ എന്നു കരുതി ആള്‍ക്കൂട്ടം അടിച്ചുകൊന്നിരുന്നതായും റിപ്പോര്‍ട്ടുണ്ട്. സെപായിജാല ജില്ലയില്‍ മനോരോഗിയായ സ്ത്രിയെ ഇതുപോലെ കുട്ടിപിടുത്തുക്കാര്‍ എന്ന കരുതി ആള്‍ക്കൂട്ടം അടിച്ചുകൊന്ന സംഭവം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Top Stories
Share it
Top