വിശ്വാസ വോട്ടെടുപ്പിൽ കോൺ​ഗ്രസ് എംഎൽഎമാർ ബിജെപ്പിക്ക് വോട്ട് ചെയ്യും: യെദ്യൂരപ്പ

Published On: 17 May 2018 3:45 PM GMT
വിശ്വാസ വോട്ടെടുപ്പിൽ കോൺ​ഗ്രസ് എംഎൽഎമാർ ബിജെപ്പിക്ക് വോട്ട് ചെയ്യും: യെദ്യൂരപ്പ

ബെംഗളൂരു: വിശ്വാസ വോട്ടെടുപ്പിൽ കോൺഗ്രസ് എംഎല്‍എമാർ ബിജെപി സർക്കാരിനു വോട്ടു ചെയ്യുമെന്ന് കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ. വിശ്വാസവോട്ടു തേടാൻ ഗവർണർ 15 ദിവസം അനുവദിച്ചെങ്കിലും അതിനു മുൻപുതന്നെ ഭൂരിപക്ഷം തെളിയിക്കാൻ തങ്ങൾക്കാകും. സ്വകാര്യ റിസോർട്ടുകളിൽ താമസിപ്പിച്ചിരിക്കുന്ന എംഎൽഎമാർ കടുത്ത മാനസിക പീഡനവും അപമാനവും സഹിക്കുകയാണെന്നും യദ്യൂരപ്പ പറഞ്ഞു.

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ പാർട്ടി സംഘടിപ്പിച്ച യോഗത്തിൽ പങ്കെടുക്കുകയായിരുന്നു യെദ്യൂരപ്പ. ഈ യോഗത്തിൽ പാർട്ടി നേതാക്കളെയും പ്രവർത്തകരെയും അഭിസംബോധന ചെയ്യുമ്പോഴാണ് സർക്കാർ വിശ്വാസവോട്ടു നേടുമെന്ന ആത്മവിശ്വാസം മുഖ്യമന്ത്രി പ്രകടിപ്പിച്ചത്.

ഗവർണർ 15 ദിവസത്തെ സാവകാശം നൽകിയിട്ടുണ്ടെങ്കിലും ഭൂരിപക്ഷം തെളിയിക്കാൻ അത്രയും ദിവസം ആവശ്യമില്ല. ബെംഗളൂരുവിനു പുറത്ത് സ്വകാര്യ റിസോർട്ടുകളിൽ പാർപ്പിച്ചിരിക്കുന്ന കോൺഗ്രസ് എംഎൽഎമാർ കടുത്ത മാനസിക പീഡനവും അപമാനവും സഹിക്കുകയാണ്. വിശ്വാസ വോട്ടെടുപ്പിൽ ഇവർ സർക്കാരിന് അനുകൂലമായി വോട്ടുചെയ്യും. ഞങ്ങൾ അധികാരത്തിലെത്തിക്കഴിഞ്ഞു. ഇനി ഭൂരിപക്ഷവും തെളിയിക്കും – യെദ്യൂരപ്പ പറഞ്ഞു.

തീർത്തും മനുഷ്യത്വരഹിതമായ രീതിയിലാണ് കോൺഗ്രസും ജനതാദളും എംഎൽഎമാരെ സ്വകാര്യ റിസോർട്ടുകളിൽ പാർപ്പിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. എംഎൽഎമാരുടെ പക്കൽനിന്ന് മൊബൈൽ ഫോൺ പോലും പിടിച്ചുവാങ്ങിയിരിക്കുകയാണ് കോൺഗ്രസ് നേതൃത്വം. ജീവിത പങ്കാളിയെ വിളിക്കാൻ പോലും അവർ എംഎൽഎമാരെ അനുവദിക്കുന്നില്ലെന്നും യദ്യൂരപ്പ പറഞ്ഞു.

കർണാടകയിൽ സർക്കാർ രൂപീകരിക്കാനുള്ള ജനവിധി ബിജെപിക്ക് അനുകൂലമാണെന്നും സർക്കാർ ഭൂരിപക്ഷം തെളിയിക്കുകതന്നെ ചെയ്യുമെന്നും യെഡിയൂരപ്പ വ്യക്തമാക്കി. പുതിയ നിയമസഭയുടെ ആദ്യസമ്മേളനം ഏതു സമയവും വിളിക്കേണ്ടി വന്നേക്കാമെന്നും തിരഞ്ഞെടുക്കപ്പെട്ട 104 എംഎൽഎമാരും വീഴ്ച കൂടാതെ ഇതിൽ പങ്കെടുക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

Top Stories
Share it
Top