മക്ക മസ്ജിദ് സ്‌ഫോടനം: എല്ലാ പ്രതികളെയും വെറുതെവിട്ടു

Published On: 2018-04-16 08:15:00.0
മക്ക മസ്ജിദ് സ്‌ഫോടനം: എല്ലാ പ്രതികളെയും വെറുതെവിട്ടു

ഹൈദരാബാദ്: മക്ക മസ്ജിദ് സ്‌ഫോടനക്കേസില്‍ എല്ലാ പ്രതികളെയും ഹൈദരാബാദ് പ്രത്യേക എന്‍ഐഎ കോടതി വെറുതെ വിട്ടു. മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വാമി അസീമാനന്ദ ഉള്‍പ്പെടെയുള്ള അഞ്ചു പ്രതികളെ കോടതി വെറുതെ വിട്ടത്.

അന്വേഷണസംഘത്തിന് കുറ്റം തെളിയിക്കാനായില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അസീമാനന്ദയെക്കൂടാതെ ദേവേന്ദ്ര ഗുപ്ത, ലോകേഷ് ശര്‍മ, ഭരത് മോഹന്‍ലാല്‍ രതേശ്വര്‍ എന്ന ഭരത് ബായ്, രാജേന്ദ്ര ചൗധരി എന്നിവരാണ് മറ്റു പ്രതികള്‍. കേസിലെ പ്രതികളായിരുന്ന സന്ദീപ് വി ഡാങ്കേ, രാമചന്ദ്ര കുല്‍സര്‍ഗ എന്നിവരെ നേരത്തേ കാണാതാവുകയും മറ്റൊരു പ്രതിയായിരുന്ന സുനില്‍ ജോഷി മരിക്കുകയും ചെയ്തിരുന്നു.

2007ലുണ്ടായ മക്ക മസ്ജിദ് സ്‌ഫോടനത്തില്‍ ഒന്‍പതുപേര്‍ മരിക്കുകയും 58 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അജ്മീര്‍ സ്‌ഫോടനക്കേസില്‍ കഴിഞ്ഞ മാര്‍ച്ചില്‍ അസീമാനന്ദ കുറ്റവിമുക്തനായിരുന്നു.

Top Stories
Share it
Top