നിങ്ങളില്‍ എത്രപേര്‍ ദലിതര്‍ക്കൊപ്പം ഭക്ഷണം കഴിക്കും?; മോദി സര്‍ക്കാറിനെ കടന്നാക്രമിച്ച് അശോക് ഗെഹ്​ലോട്ട്​

ഹിന്ദു രാഷ്ട്രത്തെക്കുറിച്ച് സംസാരിക്കുന്നവരോട് ഞാൻ ചോദിക്കും, പട്ടികജാതി ഹിന്ദു അല്ലേ? തൊട്ടുകൂടായ്മ അവസാനിപ്പിക്കാൻ നിങ്ങൾ എന്നെങ്കിലും എന്തെങ്കിലും ചെയ്തിട്ടുണ്ടോ?

നിങ്ങളില്‍ എത്രപേര്‍ ദലിതര്‍ക്കൊപ്പം ഭക്ഷണം കഴിക്കും?; മോദി സര്‍ക്കാറിനെ കടന്നാക്രമിച്ച് അശോക് ഗെഹ്​ലോട്ട്​

പട്ടിക ജാതി-പട്ടിക വർഗ സംവരണ വിഷയത്തിൽ ബിജെപിക്കും ആർഎസ്എസിനെതിരെയും രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവും രാജസ്ഥാൻ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്​ലോട്ട്​. തൊട്ടുകൂടായ്മ അവസാനിപ്പിക്കാൻ ബിജെപിയും ആർഎസ്എസും എന്താണ് ചെയ്തിട്ടുള്ളതെന്ന് അശോക് ഗെഹ്​ലോട്ട്​ ചോദിച്ചു. സംവരണം അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ജയ്പൂര്‍ കലക്ടറേറ്റിന് സമീപം നടന്ന പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഗെഹ്​ലോട്ട്​.

'' ഇന്ന് അവർ മുസ്​ലിംകളെ ആക്രമിക്കുന്നു. നാളെ അവർ സിഖുകളെയും ബുദ്ധിസ്റ്റുകളെയും തേടി വരും. എന്താണ് ഈ ആളുകൾക്ക് വേണ്ടത്?. ഹിന്ദു രാഷ്ട്രമെന്ന അവരുടെ ആഗ്രഹം ഒരിക്കലും നിറവേറ്റപ്പെടാതിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഹിന്ദു രാഷ്ട്രത്തെക്കുറിച്ച് സംസാരിക്കുന്നവരോട് ഞാൻ പറയും, പട്ടികജാതി ഹിന്ദു അല്ലേ? തൊട്ടുകൂടായ്മ അവസാനിപ്പിക്കാൻ നിങ്ങൾ എന്നെങ്കിലും എന്തെങ്കിലും ചെയ്തിട്ടുണ്ടോ? നിങ്ങളുടെ കുടുംബത്തിലെ എത്രപേർ അവർക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കും?'' -ഗെഹ്​ലോട്ട്​ ചോദിച്ചു.

മോദി സര്‍ക്കാറിന്റേത് സംവരണ വിരുദ്ധ നടപടികളാണെന്നും അദ്ദേഹം പറഞ്ഞു. സംവരണം അവസാനിപ്പിക്കാനുള്ള കേന്ദ്ര സർക്കാറിന്‍റെ നീക്കത്തിനെതിരെ സംവരണത്തിന്‍റെ ഗുണഭോക്താക്കളെല്ലാം മുന്നോട്ടു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്, സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷൻ അവിനാഷ് പാെണ്ഡ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

സര്‍ക്കാര്‍ ജോലിയിലെ സ്ഥാനക്കയറ്റത്തിനു സംവരണം മൗലികാവകാശമല്ലെന്ന് അടുത്തിടെ സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. സ്ഥാനക്കയറ്റത്തിന് സംവരണം ഒരു സംസ്ഥാനം അനുവദിച്ചില്ലെങ്കില്‍ നിര്‍ബന്ധിക്കാനാകില്ല. സ്ഥാനക്കയറ്റത്തിനു സംവരണം ആവശ്യപ്പെടാനുള്ള മൗലികാവകാശം ഭരണഘടന നല്‍കുന്നില്ലെന്നുമായിരുന്നു സുപ്രീം കോടതി വ്യക്തമാക്കിയത്.

Next Story
Read More >>