അയോദ്ധ്യ രാമക്ഷേത്ര നിർമ്മാണം: മുസ്ലിം സംഘടന 5 ലക്ഷം രൂപ നല്‍കും

ക്ഷേത്ര നിർമ്മാണത്തിനായി ഒരു ലക്ഷം രൂപ നൽകുമെന്ന് അസമിലെ മുസ്ലിം വിദ്യാർത്ഥി സംഘടനയും പ്രഖ്യാപിച്ചിട്ടുണ്ട്

അയോദ്ധ്യ രാമക്ഷേത്ര നിർമ്മാണം:  മുസ്ലിം സംഘടന 5 ലക്ഷം രൂപ നല്‍കും

ന്യൂഡൽഹി: അയോദ്ധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിനായി അസമിൽ നിന്നുള്ള മുസ്ലിം സംഘടന 5 ലക്ഷം രൂപ നൽകും. അസമിലെ പ്രാദേശിക മുസ്ലീം സമുദായങ്ങളെ പ്രതിനിധീകരിച്ചുള്ള സംഘടനയാണ് ക്ഷേത്ര നിർമ്മാണത്തിനായി 5 ലക്ഷം രൂപ നൽകാമെന്ന് വാഗ്ദാനം ചെയ്തത്. ഈ തുക ക്ഷേത്ര നിർമ്മാണത്തിനായി നിയോഗിക്കുന്ന ട്രസ്റ്റിന് കൈമാറും.

ചരിത്രപരമായ വിധിന്യായത്തിലൂടെ രാമ ക്ഷേത്ര നിർമ്മാണത്തിനുള്ള തടസ്സങ്ങൾ കോടതി നീക്കിയിരിക്കയാണ്. വിധിയെ സ്വാഗതം ചെയ്യുന്നു. അസാമിലെ തദ്ദേശിയ മുസ്ലിങ്ങൾക്ക് 21 സംഘടനകളാണുള്ളത്. അവരുടെ ഏകോപന സമിതിയായ ജനഗോസ്തിയ സമന്വയ് പരിഷത്ത് ഈ തുക ക്ഷേത്ര നിർമ്മാണ ട്രസ്റ്റിന് കൈമാറും- പരിഷത്തിന്റെ ചീഫ് കൺവീനറും അസം ന്യൂനപക്ഷ വികസനബോർഡ് ചെയർമാനുമായ മോമിനുൽ അവാൽ പറഞ്ഞു.

ക്ഷേത്ര നിർമ്മാണത്തിനായി ഒരു ലക്ഷം രൂപ നൽകുമെന്ന് അസമിലെ മുസ്ലിം വിദ്യാർത്ഥി സംഘടനയും പ്രഖ്യാപിച്ചിട്ടുണ്ട്. സുപ്രിം കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായും. സമാധാനവും ഐക്യവും നിലനിർത്തണമെന്നും ക്ഷേത്ര നിർമ്മാണത്തിനായി സംഘടന ഒരു ലക്ഷം രൂപ നൽകുമെന്നും ഓൾ അസം ഗോറിയ മോറിയ യുവ ചത്ര പരിഷത്ത് പറഞ്ഞു.

അയോദ്ധ്യ ബാബരി മസ്ജിദ്- രാമജന്മഭൂമി കേസിൽ ഇന്നലെയാണ് സുപ്രിം കോടതി വിധി പുറത്തുവന്നത്. 2.77 ഏക്കർ തർക്ക ഭൂമി ക്ഷേത്ര നിർമ്മാണത്തിനായി വിട്ടുകൊടുക്കാനും പകരം പള്ളി നിർമ്മാണത്തിനായി അയോദ്ധ്യയിൽ അനുയോജ്യമായ 5 എക്കർ സ്ഥലം നൽകണമെന്നുമാണ് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അദ്ധ്യക്ഷനായ അഞ്ചംഗ ബഞ്ച് വിധിച്ചത്.

Read More >>