അസം പൗരത്വ രജിസ്റ്റര്‍: മമതയുടെ നിലപാടില്‍ പ്രതിഷേധിച്ച് നേതാക്കള്‍ പാര്‍ട്ടി വിടുന്നു

Published On: 2018-08-02 12:45:00.0
അസം പൗരത്വ രജിസ്റ്റര്‍: മമതയുടെ നിലപാടില്‍ പ്രതിഷേധിച്ച് നേതാക്കള്‍ പാര്‍ട്ടി വിടുന്നു

ഗുവാഹത്തി: അസാമിലെ ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയുള്ള തൃണമൂല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ മമതാ ബാനര്‍ജിയുടെ നിലപാടില്‍ പ്രതിഷേധിച്ച അസാം പാര്‍ട്ടി അദ്ധ്യക്ഷനും മുതിര്‍ന്ന നേതാക്കളും പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു. വിഷയം അറിയാതെയാണ് മമതയുടെ പ്രതികരണമെന്നാണ് രാജിവച്ച നേതാക്കള്‍ പറഞ്ഞു.

മമതയ്ക്ക് എന്‍.ആര്‍.സി സംബന്ധിച്ച് വിവരമില്ല. സംസാരിക്കുന്ന വിഷയത്തില്‍ വിവരമില്ലാത്ത നേതാവിന്റെ കീഴില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് അസാം തൃണമൂല്‍ അദ്ധ്യക്ഷന്‍ ദ്വിപന്‍ പതക് പറഞ്ഞു. അദ്ധ്യക്ഷനെ കൂടാതെ ദിഗാന്ത സൈകിയ, പ്രദീപ് പച്ചോനി എന്നിവരാണ് പാര്‍ട്ടി വിട്ടത്. അസാമില്‍ എന്താണ് നടക്കുന്നതെന്ന് അറിയാതെയാണ് മമതയുടെ പ്രതിരണങ്ങളെന്ന് നേതാക്കള്‍ പറഞ്ഞു.

രാഷ്ട്രീയ താല്‍പര്യത്തിനു വേണ്ടി മോദി സര്‍ക്കാര്‍ 40 ലക്ഷം ജനങ്ങളെ അഭയാര്‍ത്ഥികളാക്കുകയാണെന്നും ഇത്തരം സംഭവങ്ങള്‍ രാജ്യത്ത് ചോരപ്പുഴ ഒഴുക്കുമെന്നും ആഭ്യന്തര കലാപത്തിന് കാരണമാകുമെന്നുമായിരുന്നു മമതയുടെ പ്രതികരണം.

അസാമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ കരട് റിപ്പോര്‍ട്ട് പുറത്തു വന്നപ്പോള്‍ 40 ലക്ഷത്തോളം പേരാണ് പട്ടികയില്‍ നിന്നും പുറത്തായിരിക്കുന്നത്.

Top Stories
Share it
Top