തർക്ക ഭൂമിയിൽ ക്ഷേത്രം തന്നെ, പള്ളിക്ക് പകരം ഭൂമി; സുപ്രിം കോടതിയുടെ സുപ്രധാന വിധി

നിർമോഹി അഖാരക്ക് പുതിയ ക്ഷേത്രത്തിന്റെ പരിപാലനത്തിന് അർഹമായ പ്രാതിനിധ്യം നൽകണം

തർക്ക ഭൂമിയിൽ ക്ഷേത്രം തന്നെ, പള്ളിക്ക് പകരം ഭൂമി; സുപ്രിം കോടതിയുടെ സുപ്രധാന വിധി

ന്യൂഡൽഹി: അയോദ്ധ്യയിലെ തർക്ക ഭൂമിയിൽ രാമക്ഷേത്രം നിർമ്മിക്കാൻ സുപ്രിം കോടതിയുടെ അനുമതി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് ഉത്തരവ്. മുസ്‌ലിംകൾക്ക് പള്ളി നിർമ്മിക്കുന്നതിന് മറ്റൊരിടത്ത് അഞ്ച് ഏക്കർ അനുവദിക്കണമെന്ന് വിധി പ്രസ്താവത്തിൽ പറയുന്നു. തർക്ക ഭൂമി മൂന്നാക്കി വീതിച്ചുനൽകിയ അലഹാബാദ് ഹൈക്കോടതി വിധി സുപ്രിം കോടതി തള്ളി. പള്ളി നിർമ്മിക്കുന്നതിന് അഞ്ച് ഏക്കർ ഭൂമി യു.പി സർക്കാരോ കേന്ദ്ര സർക്കാരോ കണ്ടെത്തി സുന്നി വഖഫ് ബോർഡിന് കൈമാറണം.ഭരണഘടനയുടെ ആർട്ടിക്കിൾ 142 പ്രകാരമാണ് സുപ്രിം കോടതി നിർണായക തീരുമാനം എടുത്തത്.

നിർമോഹി അഖാരക്ക് പുതിയ ക്ഷേത്രത്തിന്റെ പരിപാലനത്തിന് അർഹമായ പ്രാതിനിധ്യം നൽകണം. ഒരു ട്രസ്റ്റ് രൂപീകരിച്ച് സ്ഥലം ഏറ്റെടുക്കണം. ട്രസ്റ്റായിരിക്കും ക്ഷേത്ര നിർമ്മാണത്തിന് മേൽനോട്ടം വഹിക്കുക. ട്രസ്റ്റ് രൂപീകരിക്കാൻ മൂന്ന് മാസം സമയം കേന്ദ്ര സർക്കാരിന് അനുവദിച്ചിട്ടുണ്ട്.

രണ്ടര ദശാബ്ദത്തോളം നീണ്ട, ഇന്ത്യൻ രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ കേസിലാണ് രാജ്യത്തെ പരമോന്നത കോടതി ഇന്ന് രാവിലെ പത്തരയ്ക്ക് വിധി പറയുന്നത്. വിധിക്ക് മുമ്പോടിയായി രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും സുരക്ഷ ശക്തമാക്കി. ഇന്നലെ ചീഫ് ജസ്റ്റിസ് ഉത്തർപ്രദേശിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്നിരുന്നു. യു.പിയിൽ മാത്രം 40 കമ്പനി അർദ്ധ സൈനികരെയാണ് വിന്യസിച്ചിട്ടുള്ളത്. അയോദ്ധ്യയിലെ 2.7 ഏക്കർ വരുന്ന ഭൂമി മൂന്നായി ഭാഗിച്ച അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ 14 അപ്പീലുകളാണ് കോടതി പരിഗണിച്ചത്. 40 ദിവസം തുടർച്ചയായാണ് കോടതി കേസിൽ വാദം കേട്ടത്.

Read More >>