2.54 ലക്ഷം കോടിയുടെ നിഷ്‌ക്രിയ ആസ്തി ബാങ്കുകൾ എഴുതിത്തള്ളി

മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തെ കണക്കാണ് ഇത്. കിട്ടാക്കടം എഴുതി തള്ളുന്നത് നടപ്പുസാമ്പത്തിക വർഷവും തുടരുകയാണ്.

2.54 ലക്ഷം കോടിയുടെ നിഷ്‌ക്രിയ ആസ്തി ബാങ്കുകൾ എഴുതിത്തള്ളി

മുംബൈ: കഴിഞ്ഞ സാമ്പത്തിക വർഷം രാജ്യത്തെ ബാങ്കുകൾ എഴുതിത്തള്ളിയത് 2.54 ലക്ഷം കോടി രൂപയുടെ നിഷ്‌ക്രിയ ആസ്തി. ആകെ നിഷ്‌ക്രിയ ആസ്തിയുടെ 25 ശതമാനമാണ് ഇത്തരത്തിൽ എഴുതിത്തള്ളിയത്. ഇതിൽ 1.94 ലക്ഷം കോടിയും പൊതുമേഖലാ ബാങ്കുകളുടേതാണ്.

മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തെ കണക്കാണ് ഇത്. കിട്ടാക്കടം എഴുതി തള്ളുന്നത് നടപ്പുസാമ്പത്തിക വർഷവും തുടരുകയാണ്.

15,000 കോടി രൂപയുടെ കിട്ടാക്കടമാണ് ജൂൺ 30-ന് അവസാനിച്ച ത്രൈമാസത്തിൽ ബാങ്ക് ഓഫ് ബറോഡ, ആക്സിസ് ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, ഐ.സി.ഐ.സി.ഐ. ബാങ്ക്, കനറാ ബാങ്ക് എന്നിവ ചേർന്ന് എഴുതിത്തള്ളിയതെന്നാണ് റിപ്പോർട്ടുകൾ. വൻതോതിൽ കിട്ടാക്കടം എഴുതിത്തള്ളിയതോടെ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തിയിൽ വലിയ കുറവുണ്ടായി.

2018 മാർച്ചിലവസാനിച്ച സാമ്പത്തികവർഷം 1.25 ലക്ഷം കോടി രൂപയുടെ നിഷ്‌ക്രിയ ആസ്തി എഴുതിത്തള്ളിയിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ എസ്സാർ സ്റ്റീൽസ്, ഭൂഷൺ പവർ, അലോക് ഇൻഡസ്ട്രീസ് എന്നീ മൂന്നു കമ്പനികളുടേതായി 17,000 കോടി രൂപയുടെ നിഷ്‌ക്രിയ ആസ്തിയുണ്ട്. ഈ കമ്പനികളുടെപേരിലുള്ള പാപ്പരത്തനടപടികൾ പുരോഗമിക്കുകയാണ്.

2018 മാർച്ചിനെ അപേക്ഷിച്ച് ഇന്ത്യയിലെ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തിയിൽ 1.02 ലക്ഷം കോടി രൂപയുടെ കുറവുണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 2018 മാർച്ച് 31ലെ 10.36 ലക്ഷം കോടി രൂപയിൽനിന്ന് 9.34 ലക്ഷം കോടി രൂപയായാണ് ഇത് കുറഞ്ഞത്. പൊതുമേഖലാ ബാങ്കുകളിലെ നിഷ്‌ക്രിയ ആസ്തി 89,189 കോടി രൂപ കുറഞ്ഞ് 8.06 ലക്ഷം കോടി രൂപയിലെത്തി. നാലുവർഷത്തിനിടെ പൊതുമേഖലാ ബാങ്കുകൾ നാലുലക്ഷം കോടിയോളം രൂപ തിരിച്ചുപിടിച്ചിട്ടുണ്ടെന്നാണ് ധനമന്ത്രി നിർമലാ സീതാരാമൻ വെളിപ്പെടുത്തിയിട്ടുള്ളത്. 2018-19ൽമാത്രം 1.23 ലക്ഷം കോടി രൂപ തിരിച്ചുപിടിച്ചു.

2016 സാമ്പത്തികവർഷംമുതൽ ഇതുവരെ ഏകദേശം 17 ലക്ഷം കോടി രൂപയാണ് കിട്ടാക്കടമായി കണ്ടെത്തിയിട്ടുള്ളത്. 2015ൽ പൊതുമേഖലാ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി 2.79 ലക്ഷം കോടിരൂപ മാത്രമായിരുന്നു. റിസർവ് ബാങ്കിന്റെ ആസ്തിശുദ്ധീകരണനടപടിയെത്തുടർന്ന് ബാങ്കുകൾ കിട്ടാക്കടം നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിച്ചുതുടങ്ങിയതോടെ ഇത് കുത്തനെ ഉയരുകയായിരുന്നു.

ആർ.ബി.ഐ.യുടെ ഉത്തരവുപ്രകാരം രണ്ടുവർഷത്തിനിടെ 12 വായ്പാ അക്കൗണ്ടുകളിലായി 3.5 ലക്ഷം കോടി രൂപയുടെ വായ്പകൾ പാപ്പരത്തനടപടികൾക്ക് വിധേയമാക്കിയിട്ടുണ്ട്. ഇതിൽ മൂന്നെണ്ണത്തിൽനിന്നായി ഏകദേശം 40,000 കോടി രൂപയോളം ബാങ്കുകൾ തിരിച്ചുപിടിച്ചു. രണ്ടു കമ്പനികൾ ലയനനീക്കത്തിലാണ്. മറ്റ് ഏഴു കമ്പനികളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ തുടരുകയാണ്.

Read More >>