ബാലാകോട്ട് പാകിസ്താൻ വീണ്ടും സജീവമാക്കി; 500 തീവ്രവാദികൾ ഇന്ത്യയിലേക്ക് കടക്കാന്‍ കാത്തിരിക്കുന്നു: സൈനിക മേധാവി

പുൽവാമയിൽ സി.ആർ.പി.എഫ് ജവാന്മാർക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ തുടർന്നാണ് ബാലാകോട്ടിലെ ഭീകരരുടെ താവളത്തിന് നേരെ വ്യോമ സേന ആക്രമണം നടത്തിയത്

ബാലാകോട്ട് പാകിസ്താൻ വീണ്ടും സജീവമാക്കി; 500 തീവ്രവാദികൾ ഇന്ത്യയിലേക്ക് കടക്കാന്‍ കാത്തിരിക്കുന്നു: സൈനിക മേധാവി

ചെന്നൈ: ഫെബ്രുവരി 26ന് വ്യോമസേന തകർത്ത ജെയ്‌ഷെ മുഹമ്മദ് ഭീകരരുടെ ബാലാകോട്ടിലെ താവളം വീണ്ടും സജീവമായതായി സൈനിക മേധാവി ബിപിൻ റാവത്ത്. ചെന്നൈയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

' ബലാകോട്ട് വീണ്ടും സജീവമായിട്ടുണ്ട്. വ്യോമസേനയുടെ ആക്രമണത്തിൽ ബലാകോട്ടിനെ നശിപ്പിച്ചിരുന്നു. ഇപ്പോൾ അത് വീണ്ടും സജീവമായിരിക്കുകയാണ്. 500ഓളം തീവ്രവാദികൾ ഇന്ത്യയിലേക്ക് കടക്കാൻ ഒരുങ്ങി നിൽക്കുകയാണ്. തീവ്രവാദികളെ നമ്മുടെ രാജ്യത്തേക്ക് കടത്താനായി പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിക്കുകയാണ്. വെടിനിർത്തൽ ലംഘനങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞങ്ങൾക്കറിയാം. നമ്മുടെ സൈനികർക്ക് എന്ത് നടപടിയെടുക്കണമെന്ന് നന്നായി അറിയാം. ഞങ്ങൾ ജഗരൂകരാണ്. പരമാവധി നുഴഞ്ഞുകയറ്റങ്ങൾ ഞങ്ങൾ തടയും.'- റാവത്ത് പറഞ്ഞു.

സൈന്യം ഇതുപോലെ വീണ്ടുമൊരു ആക്രമണത്തിന് തയ്യാറെടുക്കുന്നുണ്ടോ എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ: 'എന്തിന് വീണ്ടും ഇതേ നടപടി തന്നെ സ്വീകരിക്കണം? എന്തുകൊണ്ട് അതിനേക്കാൾ വലുതായി ഒന്ന് ചെയ്തുകൂടാ?'. പാകിസ്താനാണ് ബാലാകോട്ടിനെ വീണ്ടും സജീവമാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.

ഫെബ്രുവരി 14ന് പുൽവാമയിൽ സി.ആർ.പി.എഫ് ജവാന്മാർക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ തുടർന്നാണ് ബാലാകോട്ടിലെ ജെയ്‌ഷെ മുഹമ്മദ് ഭീകരരുടെ താവളത്തിന് നേരെ വ്യോമ സേന ആക്രമണം നടത്തിയത്. കശ്മീർ താഴ്‌വരയിലെ തീവ്രവാദികളും പാകിസ്താനിലെ അവരുടെ ഭീകരവാദി നേതാക്കളും തമ്മിൽ ആശയവിനിമയ തകരാറുണ്ടെന്നും എന്നാൽ ഇന്ത്യയിലെ ജനങ്ങളും സൈനികരും തമ്മിൽ ആശയവിനിമയ തകരാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More >>