ബന്ദിപ്പൂര്‍ രാത്രിയാത്രാ നിരോധനം: കേരള മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന്; എച്ച്.ഡി കുമാരസ്വാമി 

Published On: 2018-07-28 14:45:00.0
ബന്ദിപ്പൂര്‍ രാത്രിയാത്രാ നിരോധനം: കേരള മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന്; എച്ച്.ഡി കുമാരസ്വാമി 

ബംഗളൂരു: മൈസൂരില്‍ നിന്നും ബന്ദിപ്പൂര്‍ വനത്തിലൂടെയുള്ള രാത്രി യാത്രാ നിരോധനത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തുമെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. കടുവ സംരക്ഷണ അതോറിറ്റി യാത്രാ നിരോധനത്തിന് അനുകൂലമായുള്ള റിപ്പോര്‍ട്ടാണ് സുപ്രീം കോടതിയില്‍ നല്‍കിയിട്ടുള്ളതെങ്കിലും ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബന്ദിപ്പൂര്‍ വഴിയുള്ള രാത്രി യാത്രാ നിരോധനം നീക്കാനാവില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കടുവ സംരക്ഷണ അതോറിറ്റി. നിരോധനത്തിന് അനുകൂലമായി സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്. മൈസൂരില്‍ നിന്നുള്ള രാത്രി യാത്രക്ക് ബദല്‍ പാത ഉപയോഗിക്കണമെന്നും നിലവിലെ രാത്രി യാത്രാ നിരോധനം തുടരണമെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. വനപാതയില്‍ കൂടി രാത്രിയില്‍ വാഹനങ്ങള്‍ പോയാല്‍ വന്യമൃഗങ്ങളുടെ ജീവിതത്തെ സാരമായി ബാധിക്കുമെന്നും മൃഗങ്ങള്‍ വാഹനങ്ങളിടിച്ച് ചാകുന്ന സ്ഥിതിയുണ്ടാകുമെന്നും റിപ്പാര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ രാത്രി യാത്ര നിരോധനം പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ നിന്നും പിന്മാറാനാണ് കേരളം ഉദ്ദേശിക്കുന്നത്. അതിനുപകരം ബദല്‍ നിര്‍ദേശം സുപ്രീം കോടതിയില്‍ സമര്‍പ്പിക്കാനാണ് കേരളത്തിന്റെ ശ്രമം. കേരള, കര്‍ണാടക സര്‍ക്കാരുകളുടെ പൊതുഗതാഗത സര്‍വീസുകള്‍ മാത്രം കടത്തിവിട്ടാല്‍ മതിയെന്ന ബദല്‍ നിര്‍ദ്ദേശം മുന്നോട്ട് വെക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചിരുന്നു.

Top Stories
Share it
Top