'സ്വർണ ബിഗിൽ'; സഹപ്രവർത്തകർക്ക് വിജയുടെ സമ്മാനം

ഇന്നലെ വൈകീട്ടോടെയാണ് ഈ വാർത്ത സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിച്ചത്

സ്വർണ ബിഗിൽ; സഹപ്രവർത്തകർക്ക് വിജയുടെ സമ്മാനം

ചെന്നൈ: തന്റെ പുതിയ ചിത്രമായ ബിഗിലിൽ ഒപ്പം പ്രവർത്തിച്ചവർക്ക് ഇളയദളപതി വിജയിയുടെ അപ്രതീക്ഷിത സമ്മാനം. ചിത്രത്തിൽ പ്രവർത്തിച്ച ഏതാണ്ട് 400 പേർക്ക് ബിഗിൽ എന്ന് പേരെഴുതിയ സ്വർണ മോതിരമാണ് വിജയ് സമ്മാനിച്ചത്.

ഇന്നലെ വൈകീട്ടോടെയാണ് ഈ വാർത്ത സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിച്ചത്. വാർത്ത ശരിയാണെന്ന് ചിത്രത്തിന്റെ നിർമ്മാണ കമ്പനി പ്രതിനിധി അറിയിച്ചു. എല്ലാ ദിവസവും ഏതാണ്ട് 400ഓളം പേരാണ് ബിഗിലിൽ ജോലി ചെയ്തിരുന്നത്. ഓരോ ജോലിയെയും ഓരോ വ്യക്തിയുടെ സംഭാവനയെയും വിജയ് ഒരേ പോലെ വിലമതിക്കുന്നുവെന്ന് അർച്ചന കലാപതി പറഞ്ഞു.

തെരി, മെർസൽ എന്നീ ഹിറ്റ് സിനിമകൾക്ക് ശേഷം ആറ്റിലിയും വിജയിയും ഒന്നിക്കുന്ന ചിത്രമാണ് ബിഗിൽ. എ.ആർ.റഹ്മാനാണ് സംഗീത സംവിധാനം.വിവേക് ആണ് ഗാനരചയിതാവ്.

നയൻതാര നായികയാവുന്ന ചിത്രം ഒരു ഫുട്ബോൾ കോച്ചിന്റെ കഥയാണ് പറയുന്നത്. വിവേക്, കതിർ, യോഗി ബാബു, റോബോ ശങ്കർ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു.വിജയ് രണ്ടു ഗെറ്റപ്പിലെത്തുന്ന ചിത്രമായിരിക്കും ബിഗിൽ. ഫസ്റ്റ്ലുക്ക് പോസ്റ്ററിലും വിജയിയെ രണ്ട് ഗെറ്റപ്പിലാണ് അവതരിപ്പിച്ചിരിക്കുന്നത്.

കെ.ജി വിഷ്ണുവാണ് ഛായാഗ്രഹണം. എ.ജി.എസ് എന്റർടെയ്മെന്റാണ് നിർമ്മാണം. ദീപാവലിക്കായിരിക്കും ചിത്രം തിയേറ്ററുകളിലെത്തുക.

Story by
Read More >>