കര്‍ണാടകയില്‍ മന്ത്രിസഭയെ താഴെയിറക്കില്ല, തകരുന്നത് വരെ കാത്തിരിക്കുമെന്ന് ബി.ജെ.പി

Published On: 2018-06-26 05:00:00.0
കര്‍ണാടകയില്‍ മന്ത്രിസഭയെ താഴെയിറക്കില്ല, തകരുന്നത് വരെ കാത്തിരിക്കുമെന്ന് ബി.ജെ.പി

ബംഗളൂരു: കര്‍ണാടകയില്‍ സഖ്യകക്ഷി ഭരണം നടത്തുന്ന കോണ്‍ഗ്രസ് - ജനതാദള്‍ എസ് മന്ത്രിസഭയെ താഴെ ഇറക്കാനില്ലെന്ന് ബി.ജെ.പി. ഇത്തരമൊരു നീക്കത്തോട് ബി.ജെ.പി ദേശീയ നേതൃത്വത്തിന് താല്‍പര്യമില്ലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി. ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുമായി ബി.എസ് യെദ്യൂരപ്പ കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ബി.ജെ.പി നിലപാട് വ്യക്തമാക്കിയത്. കുമാരസ്വാമിയെ താഴെ ഇറക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു കൂടിക്കാഴ്ചയെന്ന് അഭ്യൂഹമുണ്ടായിരുന്നു.

അഹമ്മദാബാദില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ യെദ്യൂരപ്പയും മുതിര്‍ന്ന ബി.ജെ.പി എം.എല്‍.എ ബസവരാജ ബൊമ്മയും പങ്കെടുക്കുന്നുണ്ട്. കര്‍ണാടക രാഷ്ട്രീയത്തിലെ നിലവിലെ സാഹചര്യങ്ങളെ കുറിച്ച് അമിത് ഷായുമായി ഇരുവരും ചര്‍ച്ച നടത്തും.

ജെ.ഡി.എസിലെയും കോണ്‍ഗ്രസിലെയും അസംതൃപ്തരായ 20ഓളം എം.എല്‍.എമാര്‍ ബി.ജെ.പി നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്. ഈ അവസരം ഉപയോഗപ്പെടുത്തണമെന്നതാണ് സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം. എന്നാല്‍ ഇത്തരം നീക്കത്തെ താക്കീത് ചെയ്ത കേന്ദ്ര നേതൃത്വം സഖ്യം സ്വയം തകരുന്നത് വരെ കാത്തിരിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

''ഭൂരിപക്ഷം തെളിയിക്കാന്‍ 16 എം.എല്‍.എമാരുടെ പിന്തുണ ആവശ്യമുണ്ട്. ഇതിനോട് ദേശീയ നേതൃത്വതത്തിന് താല്‍പര്യമില്ല. അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇത് ഞങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിക്കും. ജെ.ഡി.എസ് - കോണ്‍ഗ്രസ് സഖ്യം സ്വയം തകരുമെന്നാണ് പ്രതീക്ഷിക്കുന്നത്'', കര്‍ണാടകയിലെ മുതിര്‍ന്ന ബി.ജെ.പി നേതാവ് പറഞ്ഞു.

Top Stories
Share it
Top