രാഹുലിന് പ്രധാനമന്ത്രിയാകാന്‍ സാധിക്കില്ല, മായാവതിയെ ഉയര്‍ത്തിക്കാട്ടി ബി.എസ്.പി

Published On: 17 July 2018 4:00 AM GMT
രാഹുലിന് പ്രധാനമന്ത്രിയാകാന്‍ സാധിക്കില്ല, മായാവതിയെ ഉയര്‍ത്തിക്കാട്ടി ബി.എസ്.പി

ലഖ്‌നൗ: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പ്രധാനമന്ത്രിയാകാന്‍ സാധിക്കില്ലെന്ന് ബി.എസ്.പി. രാഹുലിന്റെ അമ്മ വിദേശിയാണെന്നും അതിനാല്‍ രാഹുലിന് പ്രധാനമന്ത്രിയാകാന്‍ സാധിക്കില്ലെന്നും ബി.എസ്.പി ദേശീയ കോ ഓര്‍ഡിനേറ്റര്‍ ജയപ്രകാശ് സിംഗ് പാര്‍ട്ടി പ്രവര്‍ത്തകരുടെ സമ്മേളനത്തില്‍ പറഞ്ഞു. ബി.എസ്.പി അദ്ധ്യക്ഷ മായാവതിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായും സമ്മേളനത്തില്‍ പ്രഖ്യാപിച്ചു.

രാഹുലിന് അമ്മയോടാണ് സാദൃശ്യമെന്നും അമ്മ വിദേശിയായതിനാല്‍ ഒരു കാരണവശാലും പ്രധാനമന്ത്രിയാകാന്‍ സാധിക്കില്ലെന്നുമാണ് ജയപ്രകാശ് സിംഗ് പറഞ്ഞത്. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിടാന്‍ മയാവതിക്ക് മാത്രമെ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടകയില്‍ കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കിയ നീക്കത്തോടെ മായാവതിയുടെ രാഷ്ട്രീയ ശക്തി വര്‍ദ്ധിച്ചു. നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും തെരഞ്ഞെടുപ്പ് തന്ത്രങ്ങളെ പേടിയില്ലാതെ നേരിടാന്‍ സാധിക്കുന്ന നേതാവ് മായാവതി മാത്രമാണ്. 2019 ലെ തെരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രിയാവുക മായവതിയാകും, ജയപ്രകാശ് സിംഗ് പറഞ്ഞു.

രാഹുലിനെതിരായ പ്രസ്താവനയില്‍ പ്രതികരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായിട്ടില്ല. ആര്‍ക്കും പ്രധാനമന്ത്രി സ്ഥാനം സ്വപ്‌നം കാണാമെന്നാണ് ഇതിനോട് ബി.ജെ.പി പ്രതികരിച്ചത്. ലോകസഭയില്‍ ഒരു പ്രതിനിധി പോലുമില്ലാത്ത മായാവതിയുംം 44 അംഗങ്ങളുള്ള രാഹുല്‍ ഗാന്ധിയും ഒരു പോലെ പ്രധാനമന്ത്രി പദം സ്വപ്‌നം കാണുകയാണെന്ന് ബി.ജെ.പി രാജ്യസഭാംഗം അനില്‍ ബലൂനി പറഞ്ഞു.

Top Stories
Share it
Top