'സിലിണ്ടർ സമരം ഓർമ്മയുണ്ടോ'?, സ്മൃതി ഇറാനി നിങ്ങള്‍ എവിടെയാണ്; ഗ്യാസ് വിലയില്‍ രോഷം പ്രകടിപ്പിച്ച് സോഷ്യല്‍ മീഡിയ

മോദി സർക്കാറിനെതിരെ ​ഗ്യാസ് വില വർദ്ധനവിൽ പ്രതിഷേധിച്ച് സ്മൃതി ഇറാനി കത്തിക്കയറുന്നുവെന്ന് ട്രോളി മൻമോഹൻ സിങ് സർക്കാറിനെതിരെ സ്മൃതി രൂക്ഷവിമർശനം നടത്തുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാണ്.

റെയില്‍ വേ നിരക്ക് ഉയര്‍ത്തിയതിന് പിന്നാലെയുള്ള പാചക വാതക വില വര്‍ദ്ധനവില്‍ രോഷം പ്രകടിപ്പിച്ച് സോഷ്യല്‍ മീഡിയ. മോദി സർക്കാറിനെതിരെയും യുപിഎ സർക്കാറിൻെറ കാലത്ത് ​ഗ്യാസ് സിലിണ്ടറുമായി തെരുവിലിറങ്ങിയ സ്മൃതി ഇറാനിക്കെതിരെയും കനത്ത പ്രതിഷേധമാണ് ട്വിറ്ററിൽ നടക്കുന്നത്.

സബ്സിഡി ഇല്ലാത്ത പാചക വാതക സിലിണ്ടറിന് 19 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന് 685 രൂപ ഉണ്ടായിരുന്നത് 704 രൂപയായി ഉയർന്നു. കഴിഞ്ഞ സെപ്റ്റംബർ മുതൽക്ക് തുടർച്ചയായ അഞ്ചാം തവണയാണ് ​ഗ്യാസിന് വില വർദ്ധിക്കുന്നത്.

മോദി സർക്കാറിൻെറ പുതുവത്സര സമ്മാനമാണിതെന്നാണ് ട്വിറ്റർ പറയുന്നത്. ഇതിനിടെ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയേയും ട്വിറ്റർ തിരഞ്ഞുപിടിച്ച് ട്രോളുന്നുണ്ട്. നിങ്ങൾ എവിടെയാണെന്നും നിങ്ങളുടെ ബിജെപി ​ഗ്യാസ് വില കൂട്ടി സാധാരണക്കാരൻെറ വയറ്റത്തടിച്ചത് കാണുന്നില്ലെയെന്നുമാണ് ട്വിറ്റർ ഉപഭോ​ക്താക്കൾ ചോദിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിയുടെ യുപിഎ കാലത്തെ പല ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയ കുത്തിപ്പൊക്കിയിട്ടുണ്ട്. മോദി സർക്കാറിനെതിരെ ​ഗ്യാസ് വില വർദ്ധനവിൽ പ്രതിഷേധിച്ച് സ്മൃതി ഇറാനി കത്തിക്കയറുന്നുവെന്ന് ട്രോളി മൻമോഹൻ സിങ് സർക്കാറിനെതിരെ സ്മൃതി രൂക്ഷവിമർശനം നടത്തുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാണ്.

ഇതോടൊപ്പം പഴയകാല സിലിണ്ടർ സമരത്തിൻെറ ചിത്രങ്ങളും വെെറലാവുന്നുണ്ട്. യുപിഎ സർക്കാറിൻെറ കാലത്ത് ​പാചക വാതക വില 413 രൂപയുണ്ടായപ്പോള്‍ സമരം ചെയ്ത സ്മൃതി എന്‍ഡിഎ കാലത്ത് 700 കടന്നപ്പോള്‍ എവിടെയാണ് ഒളിച്ചതെന്നാണ് ചിലര്‍ ചോദിക്കുന്നത്. വിലവര്‍ദ്ധനവിനെതിരെ തെരിവിലിറങ്ങി ശരിയായ ഇന്ത്യാക്കാരിയാണെന്ന് കാണിക്കാനും ചിലര്‍ ആവശ്യപ്പെടുന്നുണ്ട്.

Read More >>