ഡൽഹി കൂട്ടമരണത്തിൽ ദുരൂഹതകൾ അവസാനിക്കുന്നു; സി.സി.ടി.വി. ദൃശ്യങ്ങള്‍ ലഭിച്ചു

Published On: 5 July 2018 3:30 AM GMT
ഡൽഹി കൂട്ടമരണത്തിൽ ദുരൂഹതകൾ അവസാനിക്കുന്നു; സി.സി.ടി.വി. ദൃശ്യങ്ങള്‍ ലഭിച്ചു

ന്യൂഡല്‍ഹി: വടക്കൻ ഡൽഹിയിലെ ബുറാരിയിൽ ഒരു കുടുംബത്തിലെ 11 പേരെ വീട്ടിനകത്ത്​ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതകളകലുന്നു. കൂട്ടമരണം ആത്മഹത്യയെന്ന് സൂചിപ്പിക്കുന്ന സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. സംഭവത്തിൽ പുറത്തുനിന്നാര്‍ക്കും പങ്കില്ലെന്നാണ് പോലീസിന്റെ അനുമാനം.

മരണത്തിന് കുടുംബാംഗങ്ങള്‍ സന്നദ്ധരാണെന്ന് സൂചിപ്പിക്കുന്നതാണ് സി.സി.ടി.വി. ദൃശ്യങ്ങൾ. വീട്ടില്‍നിന്ന് കണ്ടെടുത്ത 11 ഡയറികളും കുറിപ്പുകളും ഇതിനുബലമേകുന്നു. കുടുംബാംഗങ്ങള്‍ പുലര്‍ത്തിപ്പോന്ന വിശ്വാസത്തിന്റെ ഭാഗമായാണ് മരണമെന്ന് 11 വര്‍ഷമായി എഴുതിവരുന്ന ഡയറിക്കുറിപ്പുകള്‍ തെളിയിക്കുന്നുവെന്നും പോലീസ് പറഞ്ഞു.

ശനിയാഴ്ച രാത്രി പത്തിന് നാരായണദേവിയുടെ മൂത്ത മരുമകള്‍ അഞ്ച് സ്റ്റൂളുകള്‍ വീട്ടിലേക്ക് കൊണ്ടുപോകുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഈ സ്റ്റൂളുകളാണ് ആത്മഹത്യാ സമയത്ത് ഉപയോഗിച്ചിരിക്കുന്നത്. കൈകള്‍ കെട്ടിവരിഞ്ഞിരിക്കുന്ന കമ്പിവയറുകള്‍ വീടിനു താഴെയുള്ള ഫര്‍ണിച്ചര്‍ കടയില്‍നിന്ന് വീട്ടിലെത്തിച്ചത് ധ്രുവ്, ശിവം എന്നീ ആണ്‍കുട്ടികളാണ്. പത്തേകാലിനാണ് കുട്ടികള്‍ വയറുകളുമായി വീട്ടിനുള്ളില്‍ കയറിയത്. ഇവരുടെ കൈകള്‍ അച്ഛനമ്മമാരാണ് കെട്ടിയത്. മരണത്തില്‍ പിതാവ് രക്ഷകനായി എത്തുമെന്നും അതിലൂടെ അതീന്ദ്രിയ ശക്തി കൈവരിക്കാമെന്നുമായിരുന്നു നാരായണദേവിയുടെ മകന്‍ ലളിതിന്റെ ഡയറിക്കുറിപ്പിലുള്ളതെന്നും പൊലീസ് പറഞ്ഞു.

പത്തേമുക്കാലിന് 20 റൊട്ടികള്‍ ധാബയിലെ ജീവനക്കാരന്‍ വീട്ടിലെത്തിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. 10.57-ന് നാരായണദേവിയുടെ മകന്‍ ഭവനേഷ് വളര്‍ത്തുനായയുമായി പുറത്തിറങ്ങി. 11.04-ന് ഇദ്ദേഹം തിരിച്ചെത്തി. ഞായറാഴ്ച പുലര്‍ച്ചെ ഒന്നിനാണ് മരണം സംഭവിച്ചതെന്നാണ് കരുതുന്നത്. രാവിലെ അഞ്ചേമുക്കാലിനാണ് പാലുകൊണ്ടുവരുന്നയാളും അയല്‍ക്കാരും മൃതദേഹങ്ങള്‍ കണ്ടത്.

Top Stories
Share it
Top