യുജിസിയെ പിരിച്ചുവിടാൻ കേന്ദ്രം; ഇനി ഉന്നത വിദ്യാഭ്യാസ കമ്മീഷൻ

Published On: 27 Jun 2018 2:30 PM GMT
യുജിസിയെ പിരിച്ചുവിടാൻ കേന്ദ്രം; ഇനി ഉന്നത വിദ്യാഭ്യാസ കമ്മീഷൻ

ന്യൂഡൽഹി: യൂണിവേഴ്സിറ്റി ഗ്രാന്‍റ് കമ്മീഷന്‍ പിരിച്ചുവിടാന്‍ കേന്ദ്ര സർക്കാർ. പകരം ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ രൂപീകരിക്കും. ഇതിനുള്ള കരട് നിയമം മാനവവിഭവ ശേഷി മന്ത്രാലയം പുറത്തിറക്കി. കമ്മീഷൻ രൂപീകരണത്തിനായി 1956 ലെ യൂണിവേഴ്സിറ്റി ഗ്രാന്‍റ് കമ്മീഷൻ നിയമം പിൻവലിക്കും. പുതുതായി രൂപീകരിക്കുന്ന കമ്മീഷനിൽ ചെയർമാനും വൈസ് ചെയർമാനുടക്കം 14 അം​ഗങ്ങളുണ്ടാകും. ഇവരെയെല്ലാം കേന്ദ്ര സർക്കാരാകും നിയമിക്കുക.

എന്നാൽ ഉന്നത വിദ്യാഭ്യാസ കമ്മീഷന് യുജിസിയെപ്പോലെ ​ഗ്രാന്റ് അനുവദിക്കാനാകില്ല. പകരം മന്ത്രാലയം നേരിട്ടാകും ​ഗ്രാന്റ് അനുവദിക്കുക. ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്താനാണ് കമ്മീഷന് രൂപീകരിക്കുന്നത്. പുതിയ കമ്മീഷൻ നിലവിൽ വരുന്നതോടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കൂടുതൽ സ്വയം ഭരണാധികാരം ലഭിക്കുമെന്നാണ് മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവ്ദേക്കറിന്റെ വാദം.

മാനവവിഭവശേഷി മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള കരടിന്മേൽ ജൂലൈ ഏഴ് വരെ അഭിപ്രായവും നിർദ്ദേശവും രേഖപ്പെടുത്താം. പാര്‍ലമെന്റിലെ ശീതകാല സമ്മേളനത്തില്‍ ഉന്നത വിദ്യഭ്യാസ കമ്മീഷന്‍ ആക്ട് 2018 അവതരിപ്പിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം.

Top Stories
Share it
Top