വ്യാവസായിക മേഖലകളിലെ സ്ഥിരം തൊഴില്‍ അവസാനിപ്പിച്ച് കേന്ദ്രവിജ്ഞാപനം

Published On: 2018-03-22 05:15:00.0
വ്യാവസായിക മേഖലകളിലെ സ്ഥിരം തൊഴില്‍ അവസാനിപ്പിച്ച് കേന്ദ്രവിജ്ഞാപനം

ന്യൂഡല്‍ഹി: വ്യാവസായിക മേഖലയില്‍ ഇനി മുതല്‍ സ്ഥിരം തൊഴില്‍ ഉണ്ടായിരിക്കില്ലെന്നും പകരം നിശ്ചിത കാലയളവിലേക്കുള്ള നിയമനം മാത്രമായിരിക്കും ഇനി മുതല്‍ നടത്തുകയെന്നും കേന്ദ്ര തൊഴില്‍ മന്ത്രാലയം. ഇതു സംബന്ധിച്ച് മന്ത്രാലയം വിജ്ഞാപനമിറക്കി. പുതിയ രീതി പ്രകാരം താല്‍ക്കാലിക കാലയളവിലേക്ക് നിയമിക്കുന്നവരെപ്പോലും രണ്ടാഴ്ചത്തെ നോട്ടീസ് നല്‍കി പിരിച്ചുവിടാന്‍ തൊഴിലുടമയ്ക്ക് അധികാരമുണ്ടായിരിക്കും. ട്രേഡ് യുണിയനുകളുമായി ചര്‍ച്ച നടത്താതെയാണ് സര്‍ക്കാരിന്റെ തീരുമാനം. വിജ്ഞാപനം പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടു പോവുമെന്ന് ബിഎംഎസ് ഉള്‍പ്പെടെയുള്ള ട്രേഡ് യൂനിയനുകള്‍ അറിയിച്ചു.

അതേസമയം, നിശ്ചിത കാലത്തേക്കാണ് നിയമനമെങ്കിലും പിഎഫ്, ഇഎസ്‌ഐ തുടങ്ങി സ്ഥിരം ജീവനക്കാര്‍ക്ക് ലഭ്യമാവുന്ന എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കുമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. എന്നാല്‍ അഞ്ചുവര്‍ഷം സര്‍വീസുള്ളവര്‍ക്കു മാത്രം ലഭ്യമാകുന്ന ഗ്രാറ്റ്വിറ്റി പോലുള്ള ആനുകൂല്യങ്ങളെക്കുറിച്ച് കേന്ദ്രം വ്യക്തത വരുത്തിയിട്ടില്ല.

Top Stories
Share it
Top