കാശ്മീരിനുള്ള പ്രത്യേകാധികാരം: കേന്ദ്രം എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കില്ല

Published On: 2018-06-06 04:00:00.0
കാശ്മീരിനുള്ള പ്രത്യേകാധികാരം: കേന്ദ്രം എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കില്ല

ന്യൂഡല്‍ഹി: ജമ്മുകാശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന ഭരണഘടനാ അനുഛേദം 35എ ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കില്ല. കേസ് തുടര്‍വാദങ്ങള്‍ക്കായി സുപ്രീംകോടതി ആഗസ്ത് ആറിലേക്ക് മാറ്റി.

കാശ്മീരിലെ സ്ഥിര താമസക്കാരെ തീരുമാനിക്കാന്‍ നിയമസഭയ്ക്ക് അധികാരം നല്‍കുന്നതാണ് അനുഛേദം 35എ. ഇതോടൊപ്പം കാശ്മീരി അല്ലാത്ത ഒരാള്‍ക്ക് സംസ്ഥാനത്ത് സ്ഥലം വാങ്ങുന്നതിനും തൊഴിലവസരങ്ങളില്‍ സംസ്ഥാനത്തുള്ളവര്‍ക്ക് സംവരണവും അനുഛേദം 35എ നല്‍കുന്നു. ഈ ഭരണഘടനാ അവകാശങ്ങള്‍ ഇന്ത്യയുടെ ഏകതയക്ക് എതിരാണെന്നും പൗരന്‍മാര്‍ക്കിടയില്‍ വിവേചനം ഉണ്ടാക്കുമെന്നും ആരോപിച്ച് വീ ദി സിറ്റിസണ്‍ ആണ് സുപ്രീംകോടതിയില്‍ പരാതി നല്‍കിയത്.

അതേസമയം ജൂണ്‍ ഏഴ്, എട്ട് തീയ്യതികളില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് കാശ്മീര്‍ സന്ദര്‍ശിക്കുന്നുണ്ട്. റംസാന്‍ മാസത്തില്‍ നടപടികളൊഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സുരക്ഷാ സേനയോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം.

Top Stories
Share it
Top