കാശ്മീരില്‍ അടുത്ത ഗവര്‍ണറായി രാഷ്ട്രീയക്കാരനെ നിയമിക്കാന്‍ ശ്രമം

Published On: 22 Jun 2018 6:45 AM GMT
കാശ്മീരില്‍ അടുത്ത ഗവര്‍ണറായി രാഷ്ട്രീയക്കാരനെ നിയമിക്കാന്‍ ശ്രമം

ന്യൂഡല്‍ഹി: ഭരണ പ്രതിസന്ധിയുണ്ടായ ജമ്മു കാശ്മീരില്‍ അടുത്ത ഗവര്‍ണറായി രാഷ്ട്രീയക്കാരനെ നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. സൈനിക, ഉദ്യോഗസ്ഥ, പൊലീസ് വിഭാഗങ്ങളില്‍ നിന്നുള്ളവരെ ഗവര്‍ണറായി നിയമിക്കുന്ന കാശ്മീരിലെ പതിവ് രീതിക്ക് മാറ്റം വരുത്താനാണ് കേന്ദ്രസര്‍ക്കാറിന്റെ ശ്രമം.

ഗവര്‍ണര്‍ ഭരണം നിലനില്‍ക്കുന്ന കാശ്മീരില്‍ മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ എന്‍.എന്‍ വോറയാണ് ഇപ്പോഴത്തെ ഗവര്‍ണര്‍. ജൂണ്‍ 27 ന് കാലാവധി അവസാനിക്കുന്ന വോറയ്ക്ക് പകരക്കാരനെയാണ് കേന്ദ്രം രാഷ്ട്രീയക്കാരനില്‍ നിന്ന് തെരഞ്ഞെടുക്കാനൊരുങ്ങുന്നത്. ജൂണ്‍ 27 ന് കാലാവധി അവസാനിക്കുമെങ്കിലും അമര്‍നാഥ് യാത്ര കണക്കിലെടുത്ത് ആഗസ്ത് വരെ വോറയുടെ പദവി നീട്ടി നല്‍കാനാണ് സാദ്ധ്യത. ജൂണ്‍ 28 മുതല്‍ ആഗസ്ത് 26 വരെയാണ് അമര്‍നാഥ് യാത്ര. ജമ്മു കാശ്മീരിലെ സൈനിക ഉദ്യോഗസ്ഥനല്ലാത്ത ആദ്യ ഗവര്‍ണറാണ് വോറ. പഞ്ചാബ് കേഡറില്‍ നിന്നുള്ള ഐ.എ.എസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.

''സൈനികരില്‍ നിന്ന് ഐ.എ.എസ് ഉദ്യോഗസ്ഥനെ ഗവര്‍ണറായി നിയമിച്ചു. അടുത്ത ഘട്ടത്തില്‍ രാഷ്ട്രീയക്കാരനെ നിയമിക്കാനാണ് ഉദ്യേശിക്കുന്നത്. അതിനുള്ള തിരച്ചിലും ആരംഭിച്ചു. അടുത്ത ഗവര്‍ണര്‍ ഒരിക്കലും സൈനിക ഉദ്യോഗസ്ഥനായിരിക്കില്ല'' വിഷയവുമായി ബന്ധപ്പെട്ട രാഷ്ട്രീയ നേതാവ് പറഞ്ഞു.

സൈനിക ഉദ്യോഗസ്ഥരെ ഗവര്‍ണറായി നിയമിക്കുന്നത് പൊതു, അന്താരാഷ്ട്ര സമൂഹത്തിന് തെറ്റായ ധാരണ നല്‍കുമെന്നും അതിനാലാണ് രാഷ്ട്രീയ പശ്ചാത്തലത്തില്‍ നിന്നുള്ളവരെ നിയമിക്കുന്നതെന്നും ഈ മേഖലയിലെ വിദഗ്ദര്‍ പറയുന്നു.

കാശ്മീരില്‍ രാഷ്ട്രീയക്കാരനെ ഗവര്‍ണറായി നിയമിക്കാനുള്ള തീരുമാനം നല്ലൊരു നീക്കമാണെന്ന് കാശ്മീര്‍ നിരീക്ഷകന്‍ നൂര്‍ അബ്ദുള്‍ ബാബ പറഞ്ഞു. എന്നാല്‍ കേന്ദ്ര സര്‍ക്കാറിന്റെ ആശയങ്ങളുള്ള വ്യക്തിയാണെങ്കില്‍ പ്രശ്‌നം സങ്കീര്‍ണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


Top Stories
Share it
Top