കടക്കെണിയിലായ അനില്‍ അംബാനിക്ക് ചൈനീസ് ബാങ്കുകൾ നല്‍കിയത് 18 ബില്യന്‍ ഡോളറിന്റെ വായ്പ: സുബ്രഹ്മണ്യന്‍ സ്വാമി

ഈ വർഷം ജൂണിൽ ചൈന ഡെവലപ്മെന്റ് ബാങ്ക് ഉൾപ്പെടെയുള്ളവർ കുറഞ്ഞത് 2.1 ബില്യൺ ഡോളറെങ്കിലും തിരിച്ചടയ്ക്കാൻ റിലേൻസിനോട് ആവശ്യപ്പെട്ടിരുന്നു.

കടക്കെണിയിലായ അനില്‍ അംബാനിക്ക് ചൈനീസ് ബാങ്കുകൾ നല്‍കിയത് 18 ബില്യന്‍ ഡോളറിന്റെ വായ്പ: സുബ്രഹ്മണ്യന്‍ സ്വാമി

കടക്കെണിയിലായ അനില്‍ അംബാനിയുടെ റിലേന്‍സ് ടെലികോം, റിലേന്‍സ് പവര്‍ എന്നീ സ്ഥാപനങ്ങള്‍ ചൈനീസ് ബാങ്കുകളില്‍ നിന്നും 18 ബില്യന്‍ ഡോളര്‍ വായ്പ നേടിയതായി സുബ്രഹ്മണ്യന്‍ സ്വാമി. ഇതു സംബന്ധിച്ച വാര്‍ത്ത ട്വിറ്ററിൽ ഷെയര്‍ ചെയ്തുകൊണ്ടാണ് ആരോപണവുമായി സ്വാമി രംഗത്തെത്തിയത്.

2008 നും 2018നും ഇടയില്‍ യുഎസ് തിങ്ക് ടാങ്ക്, എയ്ഡ് ഡാറ്റ എന്നിവ നടത്തിയ പഠനത്തെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട് പ്രകാരം അനില്‍ അംബാനിയുടെ കടബാധ്യതയുള്ള റിലേന്‍സ് കമ്പനികള്‍, ചൈനീസ് ബാങ്കുകളില്‍ നിന്ന് 15 ബില്യണ്‍ ഡോളര്‍ വായ്പ നേടിയിട്ടുണ്ട്. ചൈനീസ് ഉപകരണങ്ങള്‍ വാങ്ങിയതിനാണ് ഇത്രയും രൂപ വായ്പ നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

2008 മെയ് മാസത്തിൽ ഹുവാവേയിൽ നിന്നും ടെലികോം ഉപകരണങ്ങൾ വാങ്ങിയതിന് റിലേൻസ് കമ്മ്യൂണിക്കേഷൻസിന് ചൈന ഡെവലപ്മെന്റ് ബാങ്കിൽ നിന്ന് (സിഡിബി) 750 മില്യൺ ഡോളർ വായ്പ ലഭിച്ചിട്ടുണ്ട്. 2010 ഡിസംബറിൽ ഇതേ ബാങ്കിൽ നിന്ന് ഹ്രസ്വകാല വായ്പ അടിസ്ഥാനത്തിൽ ഹുവാവേ, ഇസഡ്ടിഇ എന്നിവയിൽ നിന്നും ചൈനീസ് ഉപകരണങ്ങൾ വാങ്ങുന്നതിന് മറ്റൊരു വായ്പ കൂടി സ്ഥാപനം നേടിയിട്ടുണ്ട്.

റോയിട്ടേഴ്സ് റിപ്പോർട്ട് അനുസരിച്ച്, 2012ൽ ചൈനീസ് സ്റ്റേറ്റ് ബാങ്കുകൾ റിലേൻസ് കമ്മ്യൂണിക്കേഷൻസിന് ബോണ്ട് വ്യവസ്ഥയിൽ 1.18 ബില്യൺ ഡോളർ വായ്പ നൽകാൻ സമ്മതിച്ചിട്ടുണ്ട്. 2011ൽ ചൈന ഡെവലപ്മെന്റ് ബാങ്ക് റിലേൻസ് കമ്യൂണിക്കേഷനും പവറിനുമായി മൂന്ന് ബില്യൺ ഡോളർ നൽകിയിട്ടുണ്ട്. ഈ തുകയും ചൈനീസ് ടെലികോം, പവർ ഉപകരണങ്ങൾ വാങ്ങുന്നതിനാണ് ഭാഗികമായി ഉപയോഗിച്ചത്.

ഈ വർഷം ജൂണിൽ ചൈന ഡെവലപ്മെന്റ് ബാങ്ക് ഉൾപ്പെടെയുള്ളവർ കുറഞ്ഞത് 2.1 ബില്യൺ ഡോളറെങ്കിലും തിരിച്ചടയ്ക്കാൻ റിലേൻസിനോട് ആവശ്യപ്പെട്ടിരുന്നു. ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ട് പ്രകാരം 9,860 കോടി രൂപ നല്‍കിയ ചൈന സ്റ്റേറ്റ് ബാങ്കാണ് റിലേന്‍സിന് കൂടുതല്‍ പണം വായ്പ നല്‍കിയിട്ടുള്ളത്. സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ റിലേന്‍സ് സമര്‍പ്പിച്ച രേഖകളെ ഉദ്ധരിച്ചാണ് ബ്ലൂംബെര്‍ഗ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്.

എക്‌സിം ബാങ്ക് ഓഫ് ചൈനയ്ക്ക് 3,360 കോടിയാണ് അനില്‍ അംബാനി നല്‍കാനുള്ളത്. ഇതിന്റെ തിരിച്ചടവിനായി അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്‍ഡസ്ട്രിയല്‍, കൊമേഴ്സ്യല്‍ ബാങ്ക് ഓഫ് ചൈനക്ക് 1,554 കോടി രൂപ നൽകാനുണ്ടെന്നും റിലേൻസ് സമർപ്പിച്ച കണക്കുകളെ ഉദ്ധരിച്ച് ബ്ലൂംബെര്‍ഗ് ചൂണ്ടിക്കാട്ടുന്നു. സ്വീഡിഷ് കമ്പനിയായ എറിക്‌സണുമായുള്ള കേസിൽ അനിൽ ജയിലിൽ പോകാതിരിക്കാൻ കഴിഞ്ഞ മാർച്ചിൽ റിലേന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും സഹോദരനുമായ മുകേഷ് അംബാനി 80 മില്യൻ ഡോളർ രൂപ നൽകിയിരുന്നു.

Read More >>