രാജ്യസഭ ഉപാധ്യക്ഷ പദവി ബിജു ജനതാദളിനെന്ന്  സൂചന

Published On: 2018-06-18 08:15:00.0
രാജ്യസഭ ഉപാധ്യക്ഷ പദവി ബിജു ജനതാദളിനെന്ന്  സൂചന

ന്യൂഡല്‍ഹി: ഒഴിവു വരുന്ന രാജ്യസഭ ഉപാധ്യക്ഷ പദവി ബിജു ജനതാദളിന് വിട്ടുകൊടുത്തേക്കുമെന്ന് സൂചന. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ എന്നിവര്‍ ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയതായും സൂചനകളുണ്ട്.

51 അംഗങ്ങളുള്ള കോണ്‍ഗ്രസാണ് സഭയില്‍ രണ്ടാമത്തെ വലിയ പാര്‍ട്ടിയെങ്കിലും പ്രാദേശിക പാര്‍ട്ടികള്‍ക്ക് കോണ്‍ഗ്രസിനെ പിന്‍തുണയ്ക്കുന്നതില്‍ താല്‍പര്യമില്ല എന്നാണ് അറിയുന്നത്. 69 അംഗങ്ങളാണ് ബിജെപിക്ക് ഉള്ളത്. രാജ്യ സഭയില്‍ ഭരണ കക്ഷിയായ എന്‍ഡിഎയേക്കാള്‍ കൂടുതല്‍ അംഗങ്ങള്‍ പ്രതിപക്ഷത്തിനുണ്ട്. 115 അംഗങ്ങളാണ് പ്രതിപക്ഷത്തിനുള്ളത്. 108 പേരുടെ പിന്‍തുണയാണ് എന്‍ഡിഎക്ക്. അതുകൊണ്ടുതന്നെ പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം സഭയില്‍ നിര്‍ണായകമാകും. ആറു സീറ്റുള്ള തെലുങ്കാന രാഷ്ട്രീയ സമതി, രണ്ട് സീറ്റുള്ള വൈഎസ്ആര്‍ കോണ്‍ഗ്രസ്, ഒമ്പത് സീറ്റുള്ള ബിജു ജനതാദള്‍ എന്നിവരുടെ പിന്തുണയോടെ മാത്രമേ തെരഞ്ഞെടുപ്പില്‍ വിജയിക്കാനാവു എന്നത് കോണ്‍ഗ്രസിനെ കുഴയ്ക്കുന്ന കാര്യമാണ്.

ജൂണ്‍ 30ന് രാജ്യ സഭാ ഡെപ്യൂട്ടി ചെയര്‍മാനായി പിജെ കുര്യന്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കുര്യന്‍ വിരമിക്കുന്നതിനെ തുടര്‍ന്ന് ഒഴിവു വരുന്ന സീറ്റാണ് കേരളാ കോണ്‍ഗ്രസിന് കൈമാറിയത്.

Top Stories
Share it
Top