വര്‍ഗീയ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്നു; സീ ന്യൂസിനെതിരേ പരാതി 

Published On: 2018-03-22 06:30:00.0
വര്‍ഗീയ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്നു; സീ ന്യൂസിനെതിരേ പരാതി 


ന്യൂഡല്‍ഹി: വര്‍ഗീയ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്നാരോപിച്ച് സീ ന്യൂസിനെതിരേ സച്ചാര്‍ കമ്മിറ്റി മുന്‍ നോഡല്‍ ഓഫീസറായിരുന്ന ആഷിഷ് ജോഷി പരാതി നല്‍കി.

ബീഹാറിലെ അരാരിയ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെട്ടതിനു പിന്നാലെ നടന്ന ആഘോഷങ്ങളില്‍ ആര്‍ജെഡി പ്രവര്‍ത്തകര്‍ ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നെന്ന രീതിയിലുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ആര്‍ജെഡി എംപി സര്‍ഫാര്‍സ് ആലമിന്റെ വിജയം ആഘോഷിക്കുന്നതിനിടെ പാര്‍ട്ടി അനുയായി പാകിസ്താന്‍ സിന്ദാബാദ് മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതായാണ് ദൃശ്യങ്ങളിലുള്ളത്. പ്രതീക്ഷിച്ചപോലെത്തന്നെ ബിജെപിയുടെ പരാജയത്തില്‍ നിന്നും ശ്രദ്ധ തിരിക്കുന്നതിനും ബിജെപി രഹിത ഇന്ത്യയില്‍ ഹിന്ദുക്കള്‍ ഭീഷണിയിലാണെന്നും കാണിക്കാന്‍ പ്രധാന വാര്‍ത്താ ചാനലുകള്‍ ഈ വീഡിയോ ചര്‍ച്ചകള്‍ക്കു വിധേയമാക്കുകയും ചെയ്തു. വീഡിയോയുടെ ആധികാരികതയെക്കുറിച്ച് രാഷ്ട്രീയക്കാരുള്‍പ്പെടെയുള്ളവര്‍ ചോദ്യമുന്നയിച്ചിരിക്കുന്ന സാഹചര്യത്തിലായിരുന്നു ഇത്. കൃത്യമായ അന്വേഷണം നടത്തി ആധികാരികത ഉറപ്പുവരുത്തുന്നതു വരെ മാധ്യമങ്ങള്‍ ഇത് പ്രചരിപ്പിക്കരുതെന്ന് പോലീസും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതൊന്നും കണക്കിലെടുക്കാതെയാണ് മാധ്യമങ്ങള്‍ വീഡിയോ ചര്‍ച്ചയ്ക്കെടുത്തതെന്ന് ദ വയര്‍ റിപോര്‍ട്ട് ചെയ്യുന്നു.

അതേസമയം, വീഡിയോയില്‍ മുദ്രാവാക്യം വിളി പിന്നീട് എഡിറ്റ് ചെയ്ത് ചേര്‍ത്തതോ പശ്ചാത്തലത്തില്‍ നിന്നും ആരെങ്കിലും വിളിച്ചതോ ആണെന്ന് കാണിച്ചുകൊണ്ട് ദൃശ്യങ്ങളിലുള്ള ആര്‍ജെഡി പ്രവര്‍ത്തകന്റെ ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ആധികാരികത ഉറപ്പാക്കാന്‍ ചാനലുകള്‍ ഒന്നുംതന്നെ ചെയ്തിട്ടില്ലെന്ന് ആള്‍ട്ട്ന്യൂസ് എന്ന വാര്‍ത്താ പോര്‍ട്ടല്‍ നടത്തിയ അന്വേഷണത്തിലും വ്യക്തമാകുന്നു.

മാര്‍ച്ച് 16ന് സീ ന്യൂസ് ഒരു ചര്‍ച്ച സംഘടിപ്പിച്ചു. ഒരു മുസ്ലിം വിജയിച്ചതിനുശേഷം അരാരിയ ഒരു ഭീകരകേന്ദ്രമായി മാറുന്നോ എന്നായിരുന്നു ചര്‍ച്ചയുടെ നിഗമനം. ആധികാരികത ഉറപ്പാക്കാന്‍ തങ്ങള്‍ക്ക് സാധിച്ചിട്ടില്ലെങ്കിലും തങ്ങളുടെ ഊഹം ശരിവയ്ക്കേണ്ടതാണെന്ന് രീതിയിലായിരുന്നു ചര്‍ച്ച. ചര്‍ച്ച വര്‍ഗീയത പരത്തുന്നതും ഭരണഘടനാ ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആഷിഷ് ജോഷി പരാതി നല്‍കിയിരിക്കുന്നത്.
ഭീകര കേന്ദ്രമായി മാറി അരാരിയയെന്ന നിഗമനത്തില്‍ പോലും ചാനല്‍ എത്തി. അതെങ്ങനെയാണെന്ന് മനസ്സിലാവുന്നില്ല. മാധ്യമങ്ങളുടെ ഈ പ്രവണത അത്യന്തം അപകടകരമാണെന്നും അദ്ദേഹം ദ വയറിനോട് പറഞ്ഞു. വീഡിയോ പ്രചരിക്കുന്നതിനു മുമ്പുതന്നെ അരാരിയ ബീഹാറിനുമാത്രമല്ല, ഇന്ത്യക്കു മുഴുവന്‍ ഭീഷണിയാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് ആരോപിച്ചിരുന്നു.

Top Stories
Share it
Top