ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രാദേശിക പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുമെന്ന് കോണ്‍ഗ്രസ് 

Published On: 2018-07-22 14:15:00.0
ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രാദേശിക പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുമെന്ന് കോണ്‍ഗ്രസ് 

ന്യുഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രാദേശിക പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ തീരുമാനമായി. തെരഞ്ഞെടുപ്പിന് മുന്‍പും ശേഷവുമുളള സഖ്യമുണ്ടാക്കാന്‍ രാഹുല്‍ ഗാന്ധിയെ ചുമതലപ്പെടുത്തി. രാജ്യത്ത് ആര്‍.എസ്.എസിനെ നേരിടാന്‍ സഖ്യം അനിവാര്യമാണെന്ന് സോണിയ ഗാന്ധി പറഞ്ഞു. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആർഎസ്എസ്സിന്റെ സംഘടനാ, സാമ്പത്തിക കരുത്തിനെ നേരിടാൻ ഫലപ്രദമായ രാഷ്ട്രീയ സഖ്യങ്ങൾ ആവശ്യമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാചാടോപം അദ്ദേഹത്തിന്റെ നിരാശയുടെ പ്രതിഫലനമാണ്. നിരാശയും ഭയവും നിറയ്ക്കുന്ന ഭരണത്തിൻകീഴിലാണ് ഇന്ത്യയിലെ പാവപ്പെട്ടവർ. രാജ്യത്തിന്റെ ജനാധിപത്യത്തെ അടിയറ വയ്ക്കുന്ന അപകടകരമായ ഭരണത്തിൽനിന്ന് നമ്മുടെ ജനങ്ങളെ രക്ഷിക്കണം. മോദി സർക്കാരിന്റെ കൗണ്ട്ഡൗൺ തുടങ്ങിക്കഴിഞ്ഞെന്നും സോണിയ പറഞ്ഞു.

ബിജെപിയുടെ നേതൃത്വത്തില്‍ ഭരണഘടനാസ്ഥാപനങ്ങളും ദലിതരും പിന്നോക്ക വിഭാഗങ്ങളും ആക്രമിക്കപ്പെടുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ ശബ്ദമായി മാറാനുള്ള ഉത്തരവാദിത്തം കോണ്‍ഗ്രസിനുണ്ട്. കോൺഗ്രസ് ഇപ്പോൾ അനുഭവസമ്പത്തിന്റെയും ഊർജത്തിന്റെയും സങ്കലനമാണ്. അത് ഭൂതകാലത്തെ വർത്തമാന, ഭാവി കാലങ്ങളുമായി ബന്ധിപ്പിക്കുന്ന പാലമാണ്. താഴേത്തട്ടിലുള്ള സംഘടനാ സംവിധാനം ശക്തമാക്കണം. കോൺഗ്രസ് പ്രവർത്തകർ ഉണരണമെന്നും പീഡിതർക്കു വേണ്ടി പൊരുതണമെന്നും രാഹുൽ പറഞ്ഞു.

നഷ്ടപ്പെട്ട വോട്ടുകൾ പാർട്ടിയിലേക്ക് തിരികെ കൊണ്ടുവരികയെന്നത് വലിയ കടമ്പയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. 12 സംസ്ഥാനങ്ങളില്‍ 150 സീറ്റുകള്‍ നേടാന്‍ കഴിയുമെന്ന് പി ചിദംബരവും യോഗത്തില്‍ അഭിപ്രായപ്പെട്ടു.

2019 ലെ ലോക്സഭാ തിര‍ഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ വിശാലസഖ്യത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കണമെന്നാണ് ഡൽഹിയിൽ നടക്കുന്ന കോൺഗ്രസ് പ്രവർത്തക സമിതിയുടെ പൊതുവികാരം. അതിനു മുമ്പ് ബൂത്തുതലം മുതല്‍ സംഘടന ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും പ്രവര്‍ത്തകസമിതി വിലയിരുത്തി. 12 സംസ്ഥാനങ്ങളില്‍നിന്ന് പാര്‍ട്ടിക്ക് 150 സീറ്റ് നേടാനാകുമെന്നാണ് വിലയിരുത്തല്‍. ബാക്കി സീറ്റുകളില്‍ സഖ്യങ്ങളിലൂടെ മേൽക്കൈ നേടാമെന്നും നേതൃത്വം കണക്കുകൂട്ടുന്നു. ബിജെപിക്കും നരേന്ദ്ര മോദിക്കുമെതിരെ കടുത്ത വിമർശനങ്ങളാണ് സോണിയയും രാഹുൽ ഗാന്ധിയും മൻമോഹൻ സിങ്ങും അടക്കമുള്ള നേതാക്കൾ നടത്തിയത്.

Top Stories
Share it
Top