ബിജെപിയെ തോല്‍പ്പിക്കാന്‍ ശക്തി തന്ത്രവുമായി രാഹുല്‍; പദ്ധതി കടമെടുത്തത് ബിജെപിയില്‍ നിന്ന് തന്നെ

Published On: 2018-04-18 10:00:00.0
ബിജെപിയെ തോല്‍പ്പിക്കാന്‍ ശക്തി തന്ത്രവുമായി രാഹുല്‍; പദ്ധതി കടമെടുത്തത് ബിജെപിയില്‍ നിന്ന് തന്നെ

ന്യൂഡല്‍ഹി: ബിജെപിയെ തോല്‍പ്പിക്കാന്‍ പുതിയ പദ്ധതി നടപ്പിലാക്കി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബിജെപി വിജയകരമായി നടപ്പിലാക്കിയ ബൂത്ത്തലത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്ന പദ്ധതിയാണ് രാഹുലും കടമെടുത്തിരിക്കുന്നത്. ബിജെപി അദ്ധ്യക്ഷനും തെരഞ്ഞെടുപ്പ് തന്ത്രഞ്ജനുമായ അമിത് ഷാ ആണ് ബൂത്ത് തല പദ്ധതി വിജയകരമായി നടപ്പിലാക്കിയത്.

ബൂത്ത് തലങ്ങളില്‍ നിന്ന് ലഭിക്കാവുന്ന മുഴുവന്‍ വോട്ടുകളും സ്വന്തം പെട്ടിയിലാക്കാന്‍ തരത്തില്‍ പ്രവര്‍ത്തകരെ പരിശീലിപ്പിക്കുക എന്നതാണ് പദ്ധതി. ശക്തി എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. കഴിഞ്ഞ രണ്ട് മാസമായി കര്‍ണാടകത്തിലും രാജസ്ഥാനിലും പദ്ധതി ആരംഭിച്ചു കഴിഞ്ഞു.

കര്‍ണാടകത്തിലാണ് പദ്ധതി ആരംഭിച്ചത്. താഴെ തട്ടിലെ അഞ്ച് പ്രവര്‍ത്തകരെ വിളിച്ചു വരുത്തി പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ നേതൃത്വം എന്ത് ചെയ്യണം എന്ന് നേരിട്ട് ചോദിച്ച് രാഹുല്‍ഗാന്ധിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ഗുജറാത്ത് തെരഞ്ഞെടുപ്പിന് ശേഷമാണ് ബൂത്ത് തല സംഘാടനത്തിന്റെ ആവശ്യകത കോണ്‍ഗ്രസിന് മനസ്സിലായിട്ടുള്ളത്.

ഗുജറാത്തില്‍ ബൂത്ത് തല സംഘാടനത്തിന്റെ കുറവില്‍ ലഭിക്കാവുന്ന 7 സീറ്റുകളോളം നഷ്ടപ്പെട്ടു എന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. ഈ മണ്ഡലങ്ങളിലെ കേവലം 17 ബൂത്തൂകളില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചിരുന്നുവെങ്കില്‍ വിജയിക്കാമായിരുന്നു എന്നാണ് വിലയിരുത്തിയത്.

Top Stories
Share it
Top