പ്രിയങ്കയുടെ നേതൃത്വത്തിൽ ഇനി പുതിയ അദ്ധ്യായം; യു.പിയിൽ സമ്പൂര്‍ണ്ണ മാറ്റത്തിനൊരുങ്ങി കോൺ​ഗ്രസ്

2015ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 3112 സീറ്റുകളില്‍ 1500നടത്ത് സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിച്ചിരുന്നത്. ഇതില്‍ 50 മുതല്‍ 80 സീറ്റുകളിലാണ് പാര്‍ട്ടിക്ക് വിജയിക്കാനായത്.

പ്രിയങ്കയുടെ നേതൃത്വത്തിൽ ഇനി പുതിയ അദ്ധ്യായം; യു.പിയിൽ സമ്പൂര്‍ണ്ണ മാറ്റത്തിനൊരുങ്ങി കോൺ​ഗ്രസ്

2020ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തര്‍പ്രദേശില്‍ സമ്പൂര്‍ണ്ണ മാറ്റത്തിനൊരുങ്ങി കോണ്‍ഗ്രസ്. കൂടുതൽ ഉണർവ്വോടെ പ്രവർത്തിച്ച് താഴെ തട്ടിൽ നിന്നു തന്നെ കൂടുതൽ പ്രവര്‍ത്തകരെ സജ്ജമാക്കാനാണ് പാര്‍ട്ടി തീരുമാനം. ഇതിനായി 13 അംഗ കമ്മറ്റിയെയാണ് പുതിയതായി തെരഞ്ഞെടുത്തിരിക്കുന്നത്.

പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ വിവിധ ജില്ലകളെ സോണുകളായി തിരിച്ചാവും ഈ കമ്മറ്റി പ്രവര്‍ത്തനം നടത്തുകയെന്ന് യു.പി അദ്ധ്യക്ഷന് അജയ് കുമാര്‍ ലല്ലു പറഞ്ഞു. 1989 മുതല്‍ സംസ്ഥാനത്ത് അധികാരത്തിലെത്താന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. എന്നാല്‍ ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി യുപിയുടെ ചുമതല ഏറ്റെടുത്തതോടെ ഇതിനാവുമെന്നാണ് പാർട്ടിയുടെ കണക്ക് കൂട്ടൽ.

പുത്തന്‍ ഉണര്‍വ്വോടെ ഞങ്ങള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണെന്ന് യു.പി കോണ്‍ഗ്രസ് മീഡിയ ഇന്‍ചാര്‍ജ് രാജീവ് ത്യാഗി ന്യൂസ് 18നോട് പറഞ്ഞു. കാലങ്ങളായി സംസ്ഥാനത്ത് നിലനില്‍ക്കുന്ന കര്‍ഷകരുടെ പ്രശ്‌നങ്ങളെക്കുറിച്ചാവും ഞങ്ങള്‍ ജനങ്ങളോട് സംസാരിക്കുക. പോയ കാലത്ത് ഞങ്ങള്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഞങ്ങള്‍ ജനങ്ങളോട് സംബന്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ വിവിധ വിഷയങ്ങളില്‍ പ്രിയങ്ക ഗാന്ധിയുടെ ഇടപെടലിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഷാജഹാൻപൂർ കേസ്, അംബ കേസ്, ഉന്നാവോ, ഡിഎച്ച്എഫ്എൽ കേസ് തുടങ്ങി വിവിധ വിഷയങ്ങളിൽ യോ​ഗി സർക്കാറിനെതിരെ പ്രിയങ്ക നിരന്തരം ശബ്ദമുയർത്തിക്കൊണ്ടിരിക്കുകയാണ്. ഇതിന് ജനങ്ങളെ സ്വാധീനിക്കാനാവുമെന്നും രാജീവ് ത്യാഗി പറഞ്ഞു.

ഉൾനാടൻ ഗ്രാമീണ മേഖലയിൽ നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പലപ്പോഴും പാർട്ടി തലത്തിലോ, പാർട്ടി ചിഹ്നങ്ങളിലോ അല്ല മത്സരിക്കുന്നത്. എന്നിരുന്നാലും, രാഷ്ട്രീയ പാർട്ടികളുടെ പ്രകടനം നിർണ്ണയിക്കുന്നത് അവർ പിന്തുണച്ച സ്ഥാനാർത്ഥികളുടെ വിജയത്തിന്റെയോ നഷ്ടത്തിന്റെയോ അടിസ്ഥാനത്തിലാണെന്നും രാജീവ് ത്യാഗി കൂട്ടിച്ചേർത്തു.

2015ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 3112 സീറ്റുകളില്‍ 1500നടത്ത് സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിച്ചിരുന്നത്. ഇതില്‍ 50 മുതല്‍ 80 സീറ്റുകളിലാണ് പാര്‍ട്ടിക്ക് വിജയിക്കാനായത്. ഒരിക്കൽ കോൺ​ഗ്രസിൻെറ ശക്തികേന്ദ്രമായിരുന്ന അമേഠി, റായ്ബറേലി എന്നിവിടങ്ങളിൽ നിന്നും വലിയ തിരിച്ചടി നേരിട്ടിരുന്നു.

Read More >>