കോണ്‍ഗ്രസ് - ജെ.ഡി.എസ് സഖ്യം ഗവര്‍ണറെ കണ്ടു; നിയമ വിദഗ്ദരുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്ന് ഗവര്‍ണര്‍

ബെംഗളൂരു: സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ഭൂരിപക്ഷമുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചതായി ജെ.ഡി.എസ് നേതാവ് എച്ച് ഡി...

കോണ്‍ഗ്രസ് - ജെ.ഡി.എസ് സഖ്യം ഗവര്‍ണറെ കണ്ടു; നിയമ വിദഗ്ദരുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്ന് ഗവര്‍ണര്‍

ബെംഗളൂരു: സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ഭൂരിപക്ഷമുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചതായി ജെ.ഡി.എസ് നേതാവ് എച്ച് ഡി കുമാരസ്വാമി. ഭരണഘടന പ്രകാരം തീരുമാനമെടുക്കുമെന്ന് കര്‍ണാടക ഗവര്‍ണര്‍ വജുഭായ്വാല അറിയിച്ചതായി കെ.പി.സി.സി അധ്യക്ഷന്‍ പരമേശ്വര പറഞ്ഞു. 117 എം.എല്‍.എമാര്‍ ഒപ്പിട്ട പിന്തുണക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുമാരസ്വാമിയും പരമേശ്വരയുടേയും നേതൃത്വത്തിലായിരുന്നു ഗവര്‍ണറുമായുള്ള കൂടിക്കാഴ്ച.

ഇതിനിടെ രാജ് ഭവന് മുന്നില്‍ ജെ.ഡി.എസ്- കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. ഗേറ്റിന് മുന്നില്‍ തടിച്ച് കൂടിയ പ്രവര്‍ത്തകര്‍ ബി.ജെ.പിക്കെതിരെ മുദ്രാവാക്യങ്ങളുയര്‍ത്തി. 77 കോണ്‍ഗ്രസ്സ് എംഎല്‍എമാർക്ക് പ്രവേശനം നിഷേധിച്ചതാണ് പ്രതിഷേധത്തിന് വഴിവെച്ചത്. പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്ന് കുമാരസ്വാമിക്കും പത്ത് എംഎല്‍എമാര്‍ക്കും രാജ്ഭവനുള്ളില്‍ പ്രവേശനാനുമതി നല്‍കി.

ഗവര്‍ണറും ബി.ജെ.പിയുടെ കുതിരക്കച്ചവടത്തിന് കൂട്ടുനില്‍ക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ പറഞ്ഞു. ബി.ജെ.പിയുടെ കുതിരക്കച്ചവടത്തിന് രാജ്യത്തിന്റെ പ്രധാനമന്ത്രി കൂട്ടുനില്‍ക്കുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗവര്‍ണര്‍ ആദ്യം വിളിക്കേണ്ടിയിരുന്നത് കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യത്തെ ആയിരുന്നു. എന്നാല്‍ അതുണ്ടായില്ല. ഗവര്‍ണര്‍ രാഷ്ട്രീയം കളിച്ചാല്‍ അതിനെ നിയമപരമായി തന്നെ നേരിടുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.അതേസമയം ഭരണഘടനയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. എം.എല്‍.എമാരെ തട്ടിക്കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അല്‍പ്പ സമയത്തിനകം ബി.ജെ.പി നിയമസഭാ കക്ഷി നേതാവ് ബി.എസ് യെദ്യൂരപ്പ ഗവര്‍ണറെ കാണാനെത്തും.

Story by
Read More >>