ബി.ജെ.പിയെ പുറത്താക്കാൻ മമതയുടെ കൈപിടിച്ച് കോൺഗ്രസ്

കോൺഗ്രസും തൃണമൂലും തമ്മിൽ കൈകോർക്കുന്നതിനെക്കുറിച്ച് രാഹുൽ ഗാന്ധി സംസാരിച്ചതായാണ് സൂചന

ബി.ജെ.പിയെ പുറത്താക്കാൻ മമതയുടെ കൈപിടിച്ച് കോൺഗ്രസ്

കൊൽക്കത്ത: പ്രധാന എതിരാളിയായ ബി.ജെ.പിയെ പുറത്താക്കാൻ തൃണമൂൽ കോൺഗ്രസുമായി കൈകോർക്കാൻ കോൺഗ്രസ് ഒരുങ്ങുന്നതായി റിപ്പോർട്ട്. 2021ലെ പശ്ചിമ ബംഗാൾ അസംബ്ലി തെരഞ്ഞെടുപ്പിൽ കോൺഗ്രസും തൃണമൂലും ഒന്നിച്ചു മത്സരിക്കാൻ ഒരുങ്ങുന്നതായി ഹിന്ദുസ്ഥാൻ ടൈംസ് ആണ് റിപ്പോർട്ട് നൽകിയത്.

കഴിഞ്ഞ ആഴ്ച പാർലമെന്റിലെ ബഡ്ജറ്റ് സമ്മേളനത്തിൽ കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി എം.പിയും തൃണമൂൽ ലോക്‌സഭാ ചീഫ് വിപ് കല്യാണ് ബാനർജിയും തമ്മിൽ അരമണിക്കൂറോളം തമ്മിൽ ചർച്ച നടത്തിയതായി റിപ്പോർട്ടിൽ പറയുന്നു.

കോൺഗ്രസും തൃണമൂലും തമ്മിൽ കൈകോർക്കുന്നതിനെക്കുറിച്ച് രാഹുൽ ഗാന്ധി സംസാരിച്ചതായാണ് സൂചന. അധികം വൈകാതെ ഇക്കാര്യത്തിൽ തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജിയും കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയും തീരുമാനമെടുത്തേക്കും.

നേരത്തെ മുതിർന്ന കോൺഗ്രസ് നേതാവ് പി.ചിദബരവും തൃണമൂൽ കോൺഗ്രസ് എം.പി സുദീപ് ബന്ധോപാധ്യായയും തമ്മിൽ ചർച്ച നടത്തിയിരുന്നു. സഖ്യം സംബന്ധിച്ചുള്ള പ്രാഥമിക ചർച്ചയായിരുന്നു ഇതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

ഇന്ത്യ-യു.എസ് ആണവകരാറിന്റെ പേരിൽ യു.പി.എ സർക്കാരിനുള്ള പിന്തുണ സി.പി.എം നേതൃത്വം നൽകുന്ന ഇടത് പാർട്ടികൾ പിൻവലിച്ചപ്പോൾ 2009ലാണ് കോൺഗ്രസും തൃണമൂലും സഖ്യമുണ്ടാക്കിയത്. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ഇരുപാർട്ടികളും ഒരുമിച്ച് മത്സരിച്ചിരുന്നു.

വ്യത്യസ്ത വിഷയങ്ങളിലെ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് 2013 ലാണ് ഇരുപാർട്ടികളും തമ്മിലുള്ള സഖ്യം ഉപേക്ഷിച്ചത്.

ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃണമൂലിന് 43.3 ശതമാനവും ബി.ജെ.പിയ്ക്ക് 40.3 ശതമാനം വോട്ടും ഷെയറുമായിരുന്നു ലഭിച്ചിരുന്നത്. ഇടത് പാർട്ടികൾക്ക് 6.3 ശതമാനവും കോൺഗ്രസിന് 5.6 ശതമാനം വോട്ടും ലഭിച്ചു.

രാജ്യത്തെ മൂന്നാമത്തെ വലിയ തെരഞ്ഞെടുപ്പ് സംസ്ഥാനമായ ബംഗാളിലെ വോട്ടെടുപ്പ് തന്ത്രത്തെ കുറിച്ച് കോൺഗ്രസ് പുനർവിചിന്തനം നടത്തണമെന്ന് നേരത്തെ മുതിർന്ന കോൺഗ്രസ് നേതാവ് ആവശ്യപ്പെട്ടിരുന്നു.

2016ലെ അസംബ്ലി തെരഞ്ഞെടുപ്പിൽ ഇടതുപക്ഷവുമായി സഖ്യമുണ്ടാക്കിയെങ്കിലും ഇപ്പോൾ ഇടതുപക്ഷത്തിന് ബംഗാളിൽ സ്വാധീനമില്ല. ബി.ജെ.പിക്കെതിരെ ഒറ്റക്ക് പോരാടാനുള്ള ശക്തി ഇപ്പോൾ കോൺഗ്രസിനില്ലെന്ന സത്യം നമ്മൾ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Read More >>