ഷിയാക്കള്‍ക്ക് പുതിയ രാഷ്ട്രീയപാര്‍ട്ടിയുമായി യുപിയിലെ വിവാദ ഷിയ നേതാവ്

Published On: 15 May 2018 3:00 AM GMT
ഷിയാക്കള്‍ക്ക് പുതിയ രാഷ്ട്രീയപാര്‍ട്ടിയുമായി യുപിയിലെ വിവാദ ഷിയ നേതാവ്

ലഖ്‌നൗ: രാജ്യത്തെ ആദ്യ ഷിയ മുസ്ലിം രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപിച്ചു. 'ഇന്ത്യന്‍ ഷിയ അവാമി ലീഗ്' തിങ്കളാഴ്ച്ച ദില്ലിയില്‍ വെച്ചാണ് പ്രഖ്യാപനം. ഉത്തരപ്രദേശിലെ വിവാദ നായകന്‍ വസീം റിസ്‌വി ആണ് പുതിയ പാര്‍ട്ടിയുടെ സ്ഥാപകന്‍. 2019 ലെ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കാനുളള തയ്യാറെടുപ്പിലാണ് വസീം റിസ്‌വി.

ഉത്തരപ്രദേശ് ഷിയ വഖഫ് ബോര്‍ഡ് തലവനാണ് റിസ്‌വി. '' പരമ്പരാഗതമായി ഇന്ത്യയിലെ വോട്ട് ബാങ്ക് രാഷ്ട്രീയത്തില്‍ സുന്നികളാണ് നേട്ടം ഉണ്ടാക്കിയത്. സുന്നി തീവ്രവാദം കാരണം രാജ്യത്ത് കലാപം ഉണ്ടാകുമ്പോള്‍ പലപ്പോഴും ന്യുനപക്ഷവിഭാഗമായി ഷിയാക്കളുടെ നിലനില്‍പ്പും ഭീഷണിയിലാകുന്ന സ്ഥിതിയാണ്'' റിസ്‌വിയെ ഉദ്ധരിച്ച് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്തെ മുസ്ലിം ജനസംഖ്യയുടെ 25 ശതമാനം ഷിയ വിശ്വാസികളാണ്. പലപ്പോഴും ഷിയ വിശ്വാസികള്‍ സുന്നികള്‍ക്ക് വോട്ട് ചെയ്യതിട്ടുണ്ട്. 2014 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇവര്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കാണ് വോട്ട് രേഖപ്പെടുത്തിയത്.

''ഷിയ - സുന്നി സംഘട്ടനത്തിന് ശമനം ഉണ്ടാകില്ല. സുന്നികള്‍ ഞങ്ങളെ മുസ്ലിംകള്‍ ആയി അംഗീകരിക്കുന്നില്ല. ഞങ്ങളുടെ നിലനില്‍പ്പ് ഭീഷണിയിലാണ്'' റിസ്‌വി പറഞ്ഞു.

''എല്ലാം മംഗളകരമായി നടക്കുകയാണെങ്കില്‍ ഞങ്ങള്‍ 2019 ല്‍ മത്സരിക്കും. രാജ്യത്തെ എല്ലാ ഷിയ നേതാക്കളുമായി ഞങ്ങള്‍ സംസാരിച്ചിട്ടുണ്ട്.'' അദ്ദേഹം പറഞ്ഞതായി ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തു. ഏത് പാര്‍ട്ടിയെ പിന്തുണയ്ക്കുമെന്ന ചോദ്യത്തിന് റിസ്‌വിയുടെ മറുപടി ''ഷിയ സമുദായ താല്‍പ്പര്യം സംരക്ഷിക്കുന്ന പാര്‍ട്ടിക്കൊപ്പം'' എന്നായിരുന്നു. അതെസമയം, ഷിയ വിഭാഗത്തിന് ബിജെപിയെ പിന്തുണയ്ക്കുന്ന പാരമ്പര്യമാണുളളത്. മുസ്ലിംകള്‍ക്കിടയിലെ അവാന്തര വിഭാഗങ്ങളുമായി നല്ല സൗഹൃദമാണ് യുപിയില്‍ യോഗി ആദ്യത്തിനാഥിനെന്നും നിരീക്ഷണം ഉണ്ട്.

Top Stories
Share it
Top