കോടികള്‍ ചെലവഴിച്ച് മോദിയുടെ ഫിറ്റ്‌നെസ് ചലഞ്ച്

Published On: 2018-07-02 06:00:00.0
കോടികള്‍ ചെലവഴിച്ച് മോദിയുടെ ഫിറ്റ്‌നെസ് ചലഞ്ച്

വെബ് ഡെസ്‌ക്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫിറ്റ്നെസ് ചാലഞ്ച് വീഡിയോയുടെ നിര്‍മാണത്തിനും ഫോട്ടോ ഷൂട്ടിനും ചെലവാക്കിയത് 35 ലക്ഷം രൂപ. പൊതുഖജനാവില്‍ നിന്നാണ് മോദിയുടെ വീഡിയോ നിര്‍മിക്കാന്‍ പണം അനുവദിച്ചതെന്നും ഇന്ത്യസ്‌കൂപ്പ്‌സ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, മോദിയെ കേന്ദ്ര കഥാപാത്രമാക്കി നിര്‍മിച്ച ആനിമേഷന്‍ കാര്‍ട്ടൂണുകള്‍ നിര്‍മിച്ചത് ബിജെപി മീഡിയ സെല്ലാണ്.

പ്രധാനമന്ത്രിയുടെ പബ്ലിസിറ്റി സ്റ്റണ്ടിന്റെ ചെലവുകള്‍ സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമായ മറുപടി നല്‍കിയില്ല. ചിത്രത്തിന്റെ നിര്‍മാണത്തിനായി പ്രധാനമന്ത്രിയുടെ ഓഫീസ് ഒരു ചില്ലിക്കാശ് പോലും അനുവദിച്ചിട്ടില്ലെന്ന് പറയുമ്പോഴും സത്യാവസ്ഥ അതല്ലെന്ന് ഉദ്യോഗസ്ഥര്‍ തന്നെ വ്യക്തമാക്കുന്നു. അനൗദ്യോഗികമായി പിഎം ഓഫീസ് യോഗ വീഡിയോയുടെ ചിത്രീകരണത്തിനായി 35 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. മറ്റൊരു ഏജന്‍സി സ്‌പോണ്‍സര്‍ ചെയ്യുകയായിരുന്നെന്നാണ് വിശദീകരണം. എന്നാല്‍, ആ ഏജന്‍സി ഏതെന്ന് പിഎംഒ വ്യക്തമാക്കുന്നില്ല.

2015ലെ അന്താരാഷ്ട്ര യോഗാദിനാചരണത്തോടനുബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ചെലവാക്കിയത് 15.87 കോടി രൂപയായിരുന്നു. അതോടൊപ്പം, രാജ്പഥ് വീഥിയില്‍ യോഗ പ്രദര്‍ശനത്തിന് 7.59 കോടിയും അന്താരാഷ്ട്രതലത്തിലുള്ള ദിനാചരണത്തിന് 1.83 കോടിയുമാണ് ചെലവഴിച്ചത്. എന്നാല്‍ ഇക്കഴിഞ്ഞ ജൂണ്‍ 21ലെ അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ചുമാത്രം വിവിധ പ്രമോഷനുകള്‍ക്കും പരസ്യങ്ങള്‍ക്കുമായി കേന്ദ്ര ആയുഷ് മന്ത്രാലയം വിനിയോഗിച്ചത് 20 കോടി രൂപയാണെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇതില്‍ പരിപാടിയോടനുബന്ധിച്ച് ഒരുക്കിയ സുരക്ഷയുടെ ചെലവുകള്‍ ഉള്‍പെടുത്തിയിട്ടില്ല.

അനുവദിച്ച തുകയില്‍ പകുതിയും പരസ്യങ്ങള്‍ക്കും ക്യാപെയിനുകള്‍ക്കുമാണ് വിനിയോഗിച്ചത്. കൂടാതെ അന്താരാഷ്ട്രതലത്തില്‍ പരിപാടിയോടനുബന്ധിച്ച് വിതരണം ചെയ്ത ടീ-ഷര്‍ട്ടുകള്‍, തൊപ്പികള്‍, യോഗചെയ്യാനുള്ള വിരിപ്പ് എന്നിവയ്ക്കുമാണ് തുകചെലവാക്കിയത്. യോഗ ചെയ്യാനുള്ള വിരിപ്പുകള്‍ ചൈനയില്‍ നിന്ന് ഇറക്കുമതിചെയ്തതാണെന്ന് വിവരാവകാശരേഖയില്‍ പറയുന്നു. ഇത്തരത്തില്‍ 36,000 വിരിപ്പുകളാണ് പരിപാടിക്കായി സര്‍ക്കാര്‍ വാങ്ങിയത്. ഇതിനായി 1.02 കോടിയും വിനിയോഗിച്ചു. കഴിഞ്ഞ വര്‍ഷം യോഗാദിനാചരണവുമായി ബന്ധപ്പെട്ട് ആയുഷ് മന്ത്രാലയം ചെലവാക്കിയത് 32.5 കോടിരൂപയായിരുന്നു. ഈ വര്‍ഷം ഐക്യരാഷ്ട്രസഭയ്ക്ക് കീഴിലുള്ള 193 രാജ്യങ്ങളിലാണ് അന്താരാഷ്ട്ര യോഗാദിനാചരണം സംഘടിപ്പിച്ചത്.

Top Stories
Share it
Top