പെണ്‍ശരീരം യുദ്ധഭൂമിയാകുമ്പോള്‍: കത്വ രാഷ്ട്രീയമല്ലാതെ മറ്റെന്താണ്? 

കത്വയില്‍ എട്ടുവയസ്സുകാരി പെണ്‍കുട്ടിയെ ക്രൂരമായ ലൈംഗിക പീഡനത്തിനു ഇരയാക്കി ചതച്ചരച്ചു കൊന്നതിനെ തുടര്‍ന്നു രാജ്യമാസകലമുയര്‍ന്ന പ്രതിക്ഷേധങ്ങളും ...

പെണ്‍ശരീരം യുദ്ധഭൂമിയാകുമ്പോള്‍: കത്വ രാഷ്ട്രീയമല്ലാതെ മറ്റെന്താണ്? 

ത്വയില്‍ എട്ടുവയസ്സുകാരി പെണ്‍കുട്ടിയെ ക്രൂരമായ ലൈംഗിക പീഡനത്തിനു ഇരയാക്കി ചതച്ചരച്ചു കൊന്നതിനെ തുടര്‍ന്നു രാജ്യമാസകലമുയര്‍ന്ന പ്രതിക്ഷേധങ്ങളും ചര്‍ച്ചകളും ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. സര്‍ക്കാരിന്റെ കണക്കുകളില്‍ നിന്ന് രാജ്യത്ത് ഒരു മണിക്കൂറില്‍ നാലു ലൈംഗിക പീഡനങ്ങളെങ്കിലും നടക്കുന്നുണ്ടെന്നാണ് മനസ്സിലാക്കേണ്ടത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെയുള്ള ലൈംഗീകാതിക്രമണങ്ങളിലെ സ്തോഭജനകമായതു മാത്രമെ വാര്‍ത്താ മാധ്യമങ്ങളുടെ ശ്രദ്ധയില്‍ പതിയുന്നുള്ളുവെന്നതാണ് വാസ്തവം. മറ്റുള്ളവയൊക്കെ സാധാരണതയുടെ ഭാഗമായി കഴിഞ്ഞിരിക്കുന്നു. കത്വായിലേയും, ഉന്നാവോയിലേയും ലൈംഗീക പീഡനങ്ങളുടെ ഞെട്ടലില്‍ അമരുമ്പോള്‍ തന്നെ എത്രയധികം പീഡനങ്ങളാണു അതിനടുത്ത ദിവസങ്ങളില്‍ തന്നെ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരിക്കുന്നത്.

എന്നാല്‍ കത്വയില്‍ നടന്ന പീഡനവും കൊലപാതകവും മറ്റുള്ളവയില്‍ നിന്നു വ്യത്യസ്തമായിരിക്കുന്നു. മൗലികമായി ഇതിനെ ആസൂത്രിതമായി നടപ്പിലാക്കിയ ഒരു രാഷ്ട്രീയ കൊലപാതകമായി മാത്രമെ കാണാന്‍ കഴിയുകയുള്ളൂ. ലൈംഗിക പീഡനം കൊലപാതകത്തില്‍ എത്തിച്ചേരാന്‍ തിരഞ്ഞെടുത്ത മാര്‍ഗ്ഗം മാത്രമായിരുന്നു. ഈ കൃത്യം ചെയ്തവരും നേതൃത്വം കൊടുത്തവരും സമൂഹത്തില്‍ അറിയപ്പെടുന്നവരും അധികാരം കൈയ്യാളുന്നവരുമാണ്. ഭൂരിപക്ഷ സമുദായമായ ഹിന്ദുക്കള്‍ക്കിടയിലേയ്ക്കു കടന്നുവന്ന് വീടു വെച്ചു താമസിക്കാന്‍ ശ്രമിച്ച മുസ്ലീം മതാനുയായികളായ ബക്കര്‍വാള്‍ നാടോടികളെ പാലായനം ചെയ്യിക്കുവാന്‍ നിര്‍ബന്ധിതരാക്കുക എന്നതായിരുന്നു കൃത്യം നടത്താന്‍ കുറ്റവാളികളെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സുചിപ്പിക്കുന്നത്. ദിവസങ്ങളോളം നീണ്ടുനിന്ന ലൈംഗിക പീഡനങ്ങളുടെ പൈശാചികതയും നിര്‍ദയത്വവും നമ്മുടെ മന:സാക്ഷിയെ ഞെട്ടിച്ചുവെങ്കിലും ജമ്മുവിലെ പ്രധാന പാര്‍ട്ടികളായ ബിജെപിയിലേയും, കോണ്‍ഗ്രസ്സിലേയും ഹിന്ദു സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള അനുയായി വൃന്തങ്ങള്‍ കൃത്യത്തെ നിസ്സാരവല്‍ക്കരിക്കാനും കുറ്റവാളികള്‍ക്കു രക്ഷാമാര്‍ഗ്ഗങ്ങള്‍ ഒരുക്കുകയുമായിരുന്നു വെന്നാണ് നമ്മുക്കു മനസ്സിലാക്കാന്‍ കഴിയുന്നത്.

ഈ സംഘങ്ങളില്‍ പ്രദേശത്തെ മന്ത്രിമാരും അഭിഭാഷകരും വളരെ സജീവമായിരുന്നു. കുറ്റവാളികളെ അനുകൂലിച്ചു നടത്തിയ ജാഥകളില്‍ ദേശീയ പതാക പാറിപറത്തിയും ഭാരത മാതാവിന് ജയ് വിളിച്ചുമാണ് അനുയായികള്‍ അണിനിരത്. ദേശീയതയെ ഹിന്ദുത്വവല്‍ക്കരിക്കാനുള്ള രാജ്യമാസകലം നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് ജമ്മുവിലും നടന്നത്. ഭൂരിപക്ഷ വര്‍ഗ്ഗീയത ആ കുഞ്ഞിന്റെ ശരീരത്തില്‍ ഏല്‍പ്പിച്ച ക്ഷതങ്ങള്‍ നമ്മള്‍ ഓരോരുത്തരുടെയും മനസ്സിലുള്ള മാനവീയമായ ഇതര രാഷ്ട്രസങ്കല്പങ്ങള്‍ക്കള്‍ക്കേറ്റ പരിക്കുകളായി കാണേണ്ടിവരുകയാണ്.

കത്വയില്‍ നടന്നത് ഒരു യുദ്ധമാണ്. ഭൂമിയ്ക്കു വേണ്ടിയുള്ള യുദ്ധം, വിഭവങ്ങള്‍ക്കു വേണ്ടിയുള്ള യുദ്ധം, അതിന് വേണ്ടി ഒരു പെണ്‍കുഞ്ഞിന്റെ ശരീരമാണ് വെടിമരുന്നായി പ്രയോഗിക്കപ്പെട്ടത്. ഒരു ക്ഷേത്രത്തില്‍ വച്ചാണ് ഈ ബലിദാനം നടന്നത്. ഇത് ലൈംഗികമായ ഭ്രമത്തില്‍ നിന്ന് മാത്രം ഉത്ഭവിച്ച ഒരു കൃത്യമല്ല. സംസ്‌കാരികമായ മേല്‍ക്കോയ്മയുടെയും ഒരു ആണാധിപത്യത്തിന്റെയും ആചാരനുഷ്ഠമായ ഒരു സംഘലനമാണ് നടന്നത്. ഇതിലെ പ്രകടാത്മകമായ രാഷ്ട്രീയം വ്യക്തമായി പറയുന്നത് ഇതാണ് : ഇന്ത്യ ഹിന്ദു രാഷ്ട്രമാണ്, ഇന്ത്യ മറ്റു ന്യൂനപക്ഷങ്ങള്‍ക്ക് അന്യമാവുകയാണ്. ഏകജാതീയമായ ഒരു ഭാരതത്തിനുവേണ്ടിയുള്ള നരബലിയാണ് കത്വായിലെ മതഭ്രാന്തന്മാര്‍ നടത്തിയിരുന്നത്. ഇതിനെ രാഷ്ട്രീയമായി കാണെരുതെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതെങ്ങനെ അംഗീകരിക്കും.


Story by
Read More >>