രാഷ്ട്രീയ പ്രമേയം: പാര്‍ട്ടിയുടെ വിജയം: സീതാറാം യെച്ചൂരി

Published On: 21 April 2018 5:45 AM GMT
രാഷ്ട്രീയ പ്രമേയം: പാര്‍ട്ടിയുടെ വിജയം: സീതാറാം യെച്ചൂരി

ഹൈദരബാദ്: രാഷ്ട്രീയ പ്രമേയത്തിലെ ഭേദഗതി എതെങ്കിലും വിഭാഗത്തിന്റെ വിജയമോ പരാജയമോ അല്ലെന്നും പാര്‍ട്ടിയുടെ വിജയമാണെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ട്ടികോണ്‍ഗ്രസ് ചേരുന്നത് പാര്‍ട്ടി അടുത്ത മൂന്ന് വര്‍ഷം നടത്തേണ്ട രാഷ്ട്രീയനയം രൂപപ്പെടുത്താന്‍ വേണ്ടിയാണ്. ചര്‍ച്ചകളിലൂടെ മാത്രമേ കുറ്റമറ്റ പ്രമേയം രൂപപ്പെടുത്താന്‍ സാധിക്കുകയുള്ളൂ. പ്രമേയത്തിലെ ഭേദഗതിയില്‍ പാര്‍ട്ടി ഒറ്റക്കെട്ടാണെന്നും പ്രശ്നങ്ങളില്ലെന്നും യെച്ചൂരി വ്യക്തമാക്കി.

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച കരട് രാഷ്ട്രീയ പ്രമേയത്തില്‍ കോണ്‍ഗ്രസുമായി യാതൊരു ബന്ധവും വേണ്ടെന്ന ഭാഗം ഒഴിവാക്കിയിരുന്നു. ബിജെപിയെ എതിര്‍ക്കുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ധാരണയോ തെരഞ്ഞെടുപ്പ് സഖ്യമോ ഉണ്ടാക്കിയാകരുത് എന്നതു മാറ്റി കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യമുണ്ടാക്കിയാകരുതെന്നും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുമായി പാര്‍ലമെന്റില്‍ യോജിക്കാവുന്ന വിഷയങ്ങളില്‍ ധാരണയാവാം എന്നുമാണ് ഭേദഗതി.

മുന്‍ ജനറല്‍ സെക്രട്ടറി കാരാട്ട് പക്ഷത്തിന്റെ എതിര്‍പ്പ് മറികടന്നാണ് രാഷ്ട്രീയ പ്രമേയം പാസായത്. പാര്‍ട്ടി കോണ്‍ഗ്രസില്‍ സംഘടന റിപ്പോര്‍ട്ടിന്‍ മേലുള്ള ചര്‍ച്ച ഇന്ന് ആരംഭിക്കും. പാര്‍ട്ടികേന്ദ്രത്തില്‍ നിന്നുള്ള വിവരചോര്‍ച്ച ഉള്‍പ്പെടെ ചര്‍ച്ചയില്‍ ഉര്‍ന്നുവരും.

Top Stories
Share it
Top