പാര്‍ട്ടി സെന്ററുകളില്‍ നിന്ന് വിവരങ്ങള്‍ ചോരുന്നു, നേതാക്കള്‍ തമ്മില്‍ ഭിന്നത: സിപിഎം സംഘടനാ റിപ്പോര്‍ട്ട് 

Published On: 17 April 2018 12:45 PM GMT
പാര്‍ട്ടി സെന്ററുകളില്‍ നിന്ന് വിവരങ്ങള്‍ ചോരുന്നു, നേതാക്കള്‍ തമ്മില്‍ ഭിന്നത: സിപിഎം സംഘടനാ റിപ്പോര്‍ട്ട് 

ഹൈദരാബാദ്: സിപിഎം പാര്‍ട്ടി സെന്ററുകളില്‍ നിന്ന് ചര്‍ച്ചയും വിവരങ്ങളും ചോരുന്നതായി സിപിഎം സംഘടനാ റിപ്പോര്‍ട്ട്. ആസൂത്രിതമായ ചോര്‍ച്ച നടക്കുന്നുവെന്നാണ് വിലയിരുത്തല്‍. കേന്ദ്ര ജനറല്‍ സെക്രട്ടറിമാരിലും അംഗങ്ങളിലും അഭിപ്രായ ഭിന്നത പ്രകടമാണെന്നും നേതാക്കള്‍ അച്ചടക്കം ലംഘിക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു. പാര്‍ട്ടി കേന്ദ്ര നേതാക്കള്‍ നിയന്ത്രണമില്ലാത്ത സംസാരം അവസാനിപ്പിക്കണം. നേതാക്കള്‍ കേന്ദ്രീകൃത ജനാധിപത്യ ശൈലി പിന്തുടരാന്‍ തയ്യാറാകണം. ചില കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ വാര്‍ഷിക വരുമാന കണക്ക് നല്‍കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രാഷ്ട്രീയ ലൈനിലെ ഭിന്നത ഇടതു കൂട്ടായ്മയെ ബാധിച്ചു. സിപിഐ ഇല്ലാതെ ഐക്യമില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇടതു ജനാധിപത്യമുന്നണിയുടെ മര്‍മ്മസ്ഥാനത്ത് സിപിഐയും വേണം. എന്നാല്‍ കോണ്‍ഗ്രസിനോട് സഹകരിക്കണമെന്ന് സിപിഐ നിലപാടിനോട് സിപിഎമ്മിന് വിയോജിപ്പാണ്. കേരളത്തില്‍ ആര്‍എസ്പിയും ഫോര്‍വേഡ് ബ്‌ളോക്കും പോയത് ഇടത് ഐക്യത്തെ ബാധിച്ചു. ബംഗാള്‍ ഘടകം കേന്ദ്രീകൃത ജനാധിപത്യ വിരുദ്ധമായി പെരുമാറിയെന്നും റിപ്പോര്‍ട്ട്.

പാര്‍ട്ടിയുടെ ശക്തിയും ബഹുജനാടിത്തറയും പിന്തുണയും ഇടിഞ്ഞു. തെരഞ്ഞെടുപ്പ് തോല്‍വികള്‍് പാര്‍ട്ടിയുടെ അടിത്തറ ഇടിഞ്ഞതിന്
ഉദാഹരണമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പാര്‍ട്ടി ശക്തി പെടുത്താന്‍ കുറുക്കുവഴികളില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

സിപിഎം 22ാം പാര്‍ട്ടി കോണ്‍ഗ്രസ്സ് നാളെ ഹൈദരാബാദിലെ മുഹമ്മദ് അമീന്‍ നഗറില്‍ ആരംഭിക്കും.

Top Stories
Share it
Top