രൗദ്രഭാവത്തിൽ ടിറ്റ്‌ലി: വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഭിതിയിൽ

ടിറ്റ്‌ലി കൂടുതല്‍ ശക്തമായതിനാല്‍ ബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനം വെള്ളിയാഴ്ചയോടെ താല്‍ക്കാലികമായി നിര്‍ത്തി വെച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം ഒഡീഷയില്‍ 963 ക്യാംപുകളിലായി 127262 പേരാണ് അഭയാര്‍ത്ഥികളായുള്ളത്.

രൗദ്രഭാവത്തിൽ ടിറ്റ്‌ലി: വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഭിതിയിൽ

കൊല്‍ക്കത്ത : ഒഡീഷന്‍ മേഖലയിലുണ്ടായ ന്യൂനമര്‍ദ്ദത്തില്‍ രൂപപ്പെട്ട ടിറ്റ്‌ലി ചുഴലിക്കൊടുങ്കാറ്റ് ഇന്ത്യയുടെ വടക്കു കിഴക്കൻ മേഖലയിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ടിറ്റ്‌ലി വെസ്റ്റ് ബംഗാളിനെയാണ് ഇപ്പോള്‍ ലക്ഷ്യമാക്കിയിരിക്കുന്നത്.

വെസ്റ്റ് ബംഗാളിനെ കൂടാതെ ആസാം, മേഘാലയ, മണിപ്പൂര്‍, മിസോറാം, ത്രിപുര എന്നീ സംസ്ഥാനങ്ങളിലും ടിറ്റ്‌ലി കനത്ത മഴയ്ക്ക് വഴിയൊരുക്കും. ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ പ്രതീക്ഷിക്കുന്നതിലും കനക്കാനാണ് സാധ്യത. വെസ്റ്റ് ബംഗാള്‍, ഒഡീഷ തീരങ്ങളില്‍ കടല്‍ പ്രക്ഷുബ്ദമായതിനാല്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്കു കിഴക്കന്‍ കടലില്‍ മത്സ്യബന്ധനം നിര്‍ത്തിവെക്കാന്‍ തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം അറബിക്കടലില്‍ രൂപപ്പെട്ട ലുബാന്‍ ചുഴലിക്കൊടുങ്കാറ്റ് പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങുന്നുണ്ട്. ശനിയാഴ്ചയോടു കൂടി ലുബാന്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിച്ച് യമനിലെ റിയാന്‍, അല്‍-ഗായിദ തീരങ്ങളില്‍ വീശാന്‍ സാധ്യതയുണ്ട്. ശനിയാഴ്ച വരെ കടലില്‍ പോകരുതെന്ന് ഈ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ടിറ്റ്‌ലി കൂടുതല്‍ ശക്തമായതിനാല്‍ ബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനം വെള്ളിയാഴ്ചയോടെ താല്‍ക്കാലികമായി നിര്‍ത്തി വെച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം ഒഡീഷയില്‍ 963 ക്യാംപുകളിലായി 127262 പേരാണ് അഭയാര്‍ത്ഥികളായുള്ളത്. ദേശീയ സുരക്ഷാ സേനയും ഒഡീഷ ദ്രുധ ദുരന്ത് നിവാരണ സേനയും രക്ഷാപ്രവര്‍ത്തനം വേഗപ്പെടുത്തിയിട്ടുണ്ടെന്ന് പ്രത്യേക സുരക്ഷാ കമ്മീഷണര്‍ ബി.പി സേതി അറിയിച്ചു. ഗഞ്ചാം, ഗജപതി, രായഗഡ, പുരിച കണ്ഡമള്‍, കേന്ദ്രപാറ എന്നീ ജില്ലകളെയാണ് പ്രളയം ബാധിച്ചിട്ടുള്ളത്. ഇതില്‍ ഗഞ്ചാം ജില്ലയിലാണ് വന്‍ നാശനഷ്ടങ്ങളുണ്ടായത്. ഗഞ്ചാം ജില്ലയില്‍ എയര്‍ ഡ്രോപിംഗ് രക്ഷാ പ്രവര്‍ത്തനം ശനിയാഴ്ച ആരംഭിക്കുമെന്നും പ്രത്യേക സുരക്ഷാ സേന അറിയിച്ചു.

ഒഡീഷയിലെ പ്രളയ ബാധിത പ്രദേശങ്ങളെ വിലയിരുത്താന്‍ മൂന്ന മന്ത്രിമാരടങ്ങുന്ന സംഘത്തെ വിനിയോഗിച്ചതായി മുഖ്യമന്ത്രി നവീന്‍ പഡ്‌നായിക് അറിയിച്ചു. ദുരന്ത പരിപാലന മന്ത്രി മഹേഷ്വര്‍ മൊഹണ്ടി, ജലവിഭവ മന്ത്രി നിരഞ്ചന്‍ പുജാരി, ഊര്‍ജ വിഭവ മന്ത്രി സുശാന്ത് സിംഗ് എന്നിവരാണ് നിയോഗിക്കപ്പെട്ടിട്ടുള്ളത്. ചുഴലിക്കാറ്റിനും പ്രളയത്തിനും സംയുക്തമായാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുക. റുഷികുല്യ, ബന്‍സാധര നദികളില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാനത്തെ ബാധിച്ച ദുരന്തത്തെ തുടര്‍ന്ന് മുഴുവന്‍ സമയ സേവനം ലഭ്യമാക്കുന്നതിനായി ഉദ്യോഗസ്ഥരുടെ അവധിയും റദ്ദാക്കിയിട്ടുണ്ട്

Read More >>