പ്രിയസുഹൃത്തെ, ദയവുചെയ്ത് സംസാരിക്കൂ; ബിജെപി എംപിമാര്‍ക്ക് യശ്വന്ത് സിന്‍ഹയുടെ തുറന്ന കത്ത്

ബിജെപി എംപിമാര്‍ക്ക് യശ്വന്ത് സിന്‍ഹയുടെ തുറന്ന കത്ത്. 'പ്രിയസുഹൃത്തെ, ദയവുചെയ്ത് സംസാരിക്കൂ' എന്നു തുടങ്ങുന്ന കത്തില്‍ ബിജെപി സര്‍ക്കാരിനെതിരേയും...

പ്രിയസുഹൃത്തെ, ദയവുചെയ്ത് സംസാരിക്കൂ; ബിജെപി എംപിമാര്‍ക്ക് യശ്വന്ത് സിന്‍ഹയുടെ തുറന്ന കത്ത്

ബിജെപി എംപിമാര്‍ക്ക് യശ്വന്ത് സിന്‍ഹയുടെ തുറന്ന കത്ത്. 'പ്രിയസുഹൃത്തെ, ദയവുചെയ്ത് സംസാരിക്കൂ' എന്നു തുടങ്ങുന്ന കത്തില്‍ ബിജെപി സര്‍ക്കാരിനെതിരേയും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേയും കടുത്ത വിമര്‍ശനങ്ങളാണ് സിന്‍ഹ ഉന്നയിച്ചിരിക്കുന്നത്.

'2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയത്തിനായി ഞങ്ങളെല്ലാം കഠിനമായി പരിശ്രമിച്ചിട്ടുണ്ട്. 2014ലെ തിരഞ്ഞെടുപ്പ് വിജയത്തില്‍ ഞങ്ങള്‍ ആഹ്ലാദിച്ചു. അഭൂതപൂര്‍വ്വമായ വിജയം ഇന്ത്യയുടെ ചരിത്രത്തിന്റെ തിളക്കമാര്‍ന്ന പുതിയ അധ്യായത്തിന് തുടക്കം കുറിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചു. പ്രധാനമന്ത്രിയിലും അദ്ദേഹത്തിന്റെ സംഘത്തിലും ഞങ്ങള്‍ പൂര്‍ണവിശ്വാസമര്‍പ്പിച്ചു. സര്‍ക്കാര്‍ ഇപ്പോള്‍ നാലു വര്‍ഷം പൂര്‍ത്തിയാക്കി, അഞ്ചു ബജറ്റ് അവതരിപ്പിക്കുകയും ഫലം കാണിക്കാനുതകുന്ന സാധ്യമായ എല്ലാ അവസരങ്ങളും ഉപയോഗിക്കുകയും ചെയ്തു. എന്നാല്‍ ഒടുവില്‍ സര്‍ക്കാരിലുള്ള വോട്ടര്‍മാരുടെ വിശ്വാസം നശിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്'-കത്തില്‍ പറയുന്നു.

കത്തിലെ സുപ്രധാന ആരോപണങ്ങള്‍

1. ലോകത്തെ ഏറ്റവും വേഗതയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക ശക്തിയാണ് ഇന്ത്യയെന്ന സര്‍ക്കാരിന്റെ വാദത്തിനു വിരുദ്ധമായി രാജ്യത്തെ സാമ്പത്തിക സ്ഥിതി ഭയാനകമായ അവസ്ഥയിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്.

2. സ്ത്രീപീഡനങ്ങള്‍ക്കെതിരേ കര്‍ശനമായി നടപടികള്‍ സ്വീകരിക്കുന്നതിനു പകരം ഓരോ ദിവസവും പീഡനങ്ങളുടെ എണ്ണം വര്‍ധിക്കുകയാണ്. പല കേസുകളിലും ന്യൂനപക്ഷങ്ങള്‍ ഇരകളാവുമ്പോള്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് നമ്മുടെ പാര്‍ട്ടിക്കാര്‍ തന്നെയാണ്.

3. കശ്മീര്‍ കത്തുകയാണ്, പാകിസ്താന്‍ ഇന്ത്യയിലേക്ക് തീവ്രവാദം പടര്‍ത്തുന്നത് തുടരുകയും ചെയ്യുന്നു. ഇന്ത്യ-പാക് വിഷയത്തില്‍ ഉചിതമായ പരിഹാരം കാണാത്തതിലൂടെ ദുരിതം അനുഭവിക്കുന്നത് സാധാരണക്കാരായ ജനങ്ങളാണ്.

4. മോദി ഭരണം ജനാധിപത്യത്തിനു ഭീഷണിയാണെന്നും കത്തില്‍ യശ്വന്ത് സിന്‍ഹ പറയുന്നു. പ്രതിപക്ഷത്തിലെ മുതിര്‍ന്ന നേതാക്കളുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പോലും പ്രധാനമന്ത്രി തയ്യാറാകുന്നില്ല. ബിജെപിക്കകത്തു പോലും ജനാധിപത്യ മര്യാദകള്‍ പിന്തുടരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

5. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഒറ്റയ്ക്ക് 31 ശതമാനം വോട്ടുകള്‍ മാത്രമേ നേടിയിട്ടുള്ളൂ. 69 ശതമാനം ആളുകളും ബിജെപിക്ക് എതിരായാണ് വോട്ട് ചെയ്തതെന്ന് ഓര്‍ക്കണം. പ്രതിപക്ഷത്തുള്ളവരെല്ലാം ഒറ്റക്കെട്ടായാല്‍ ബിജെപി പിന്നെ അധികാരത്തില്‍ കാണില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Story by
Read More >>