ഡല്‍ഹിയിലെ കൂട്ടമരണം: ദുര്‍മന്ത്രവാദമെന്ന് പോലീസ് നിഗമനം

Published On: 2 July 2018 3:45 AM GMT
ഡല്‍ഹിയിലെ കൂട്ടമരണം: ദുര്‍മന്ത്രവാദമെന്ന് പോലീസ് നിഗമനം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 11 പേരെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുന്നു. അതേസമയം, കൂട്ടമരണത്തിന് പിന്നില്‍ ദുര്‍മന്ത്രവാദമെന്ന് സംശയിക്കുന്നതായി പോലീസ്. ഏഴ് സ്ത്രീകളടക്കം 11 പേരെ ഞായറാഴ്ച രാവിലെയാണ് ഡല്‍ഹി ബുറായിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

10 പേര്‍ തൂങ്ങി മരിച്ച നിലയിലാണ് ഉണ്ടായിരുന്നത്. ഇവരുടെയെല്ലാം കണ്ണ് കെട്ടിയ നിലയിലും വായ് മൂടികെട്ടിയ നിലയിലുമാണ് കണ്ടെത്തിയത്. 77വയസുള്ള മുതിര്‍ന്ന സ്ത്രീയുടെ മൃതദേഹം കഴുത്ത് ഞെരിച്ച് കൊന്ന നിലയിലായിരുന്നു. ഇവയ്ക്കു സമീപത്തു നിന്ന് ഏതാനും കുറിപ്പുകളും ലഭിച്ചിട്ടുണ്ട്.

ഇതില്‍ എഴുതിയിരിക്കുന്നതു പ്രകാരണമാണു മൃതദേഹങ്ങള്‍ കെട്ടിത്തൂക്കിയിരിക്കുന്നത്. ചില പ്രത്യേകതരം എഴുത്തും മറ്റും ഇതില്‍ കണ്ടതോടെയാണു സംശയം ദുര്‍മന്ത്രവാദത്തിലേക്കു മാറിയതെന്നു പൊലീസ് പറഞ്ഞു. പത്തു പേരെ കൊലപ്പെടുത്തിയ ശേഷം പതിനൊന്നാമത്തെയാള്‍ ആത്മഹത്യ ചെയ്തതാകാമെന്നാണു കരുതുന്നത്.

ആരുടെയും സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെട്ടിട്ടില്ല. വീട്ടിലെ പണവും സുരക്ഷിതമാണ്. അപരിചിതരെ കണ്ടാല്‍ വീട്ടിലെ കാവല്‍ നായ കുരയ്ക്കുന്നതു പതിവാണ്. എന്നാല്‍ സംഭവം നടന്ന ശനിയാഴ്ച രാത്രി നായയുടെ കുര ആരും കേട്ടിരുന്നില്ലെന്നും അയല്‍വാസികള്‍ പറയുന്നു.

ഇതും വീട്ടിനകത്തു തന്നെയുള്ളയാളാണു കൊലപാതകത്തിനു പിന്നിലെന്ന സംശയം ശക്തമാകാന്‍ ഇടയായി. കുടുംബത്തിലെ എല്ലാവരും ആത്മഹത്യ ചെയ്യാന്‍ യാതൊരു സാഹചര്യവുമില്ലായിരുന്നെന്നും തലേന്നു രാത്രി വരെ സന്തോഷത്തോടെ കണ്ടതാണെന്നും അയല്‍ക്കാര്‍ പറയുന്നു.

Top Stories
Share it
Top