എഎപിയുടെ ധർണ്ണക്കെതിരെ  ബി ജെ പിയുടെ കുത്തിയിരിപ്പ് സമരം 

Published On: 13 Jun 2018 2:00 PM GMT
എഎപിയുടെ ധർണ്ണക്കെതിരെ  ബി ജെ പിയുടെ കുത്തിയിരിപ്പ് സമരം 

ന്യൂഡല്‍ഹി: ബിജെപി നേതാക്കളുടെയും എഎപി വിമത എംഎല്‍എ കപില്‍ മിശ്രയുടെയും നേതൃത്വത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ ഓഫീസ് ഉപരോധിച്ചു. ഡല്‍ഹി സര്‍ക്കാര്‍ നിഷ്‌ക്രിയമാണെന്ന് ആരോപിച്ചായിരുന്നു ഉപരോധം.

സംസ്ഥാനത്ത് ജലവിതരണം കാര്യക്ഷമമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചാല്‍ മാത്രമേ സമരം അവസാനിപ്പിക്കൂവെന്ന് പ്രതിപക്ഷ നേതാവ് വിജേന്ദര്‍ ഗുപ്ത, മജീന്ദര്‍ സിങ് സിര്‍സ എംഎല്‍എ എന്നിവര്‍ പറഞ്ഞു. സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വത്തിന് എതിരെയാണ് സമരമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി അദ്ദേഹത്തിന്റെ ഓഫീസില്‍ കൃത്യമായി എത്താതിരുന്നാല്‍ ജനങ്ങള്‍ ആരോട് പരാതി പറയുമെന്നും പ്രതിപക്ഷ നേതാവ് വിജേന്ദര്‍ ഗുപ്ത ചോദിച്ചു. ഡല്‍ഹിയില്‍ കൃത്യമായ ജലവിതരണം ഉറപ്പുവരുത്തുന്നതുവരെ സമരം തുടരുമെന്ന് ബിജെപി എംഎല്‍എ മജീന്ദര്‍ സിങ് സിര്‍സയും അറിയിച്ചു.

ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫീസിന് മുന്നില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള സംഘം സമരം ആരംഭിച്ചതിന് പിന്നാലെയാണ് സര്‍ക്കാരിനെതിരേ ബിജെപിയുടെ നേതൃത്വത്തിലുള്ള സമരം.

അതേസമയം, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഇന്നലെ മുതൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. ചൊവ്വാഴ്‌ച ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിനും നിരാഹാര സമരം ആരംഭിച്ചിരുന്നു. തിങ്കളാഴ്‌ചയാണ് ആംആദ്മി പാർട്ടി മന്ത്രിമാരും നേതാക്കളും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സമരം ആരംഭിച്ചത്.

Top Stories
Share it
Top