തടസങ്ങള്‍ നീക്കി കെജരിവാള്‍, ഡല്‍ഹിയില്‍ റേഷന്‍ ഇനി വീട്ടു പടിക്കല്‍

Published On: 6 July 2018 10:45 AM GMT
തടസങ്ങള്‍ നീക്കി കെജരിവാള്‍, ഡല്‍ഹിയില്‍ റേഷന്‍ ഇനി വീട്ടു പടിക്കല്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അധികാരം സംബന്ധിച്ച സുപ്രീംകോടതി വിധിക്ക് പിന്നാലെ വീട്ടുപടിക്കല്‍ റേഷന്‍ സാധനങ്ങളെത്തിക്കുന്ന പദ്ധതി നടപ്പാക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഉത്തരവിട്ടു. പദ്ധതിക്ക് അനുവാദം നല്‍കാതെ ലഫ്. ഗവര്‍ണര്‍ ദീര്‍ഘനാളായി നീട്ടികൊണ്ടു പോവുകയായിരുന്നു. പദ്ധതി എത്രയും പെട്ടന്ന് നടപ്പാക്കാന്‍ ഭക്ഷ്യ വകുപ്പിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

പദ്ധതിക്ക് നേരത്തെ ലഫ്. ഗവര്‍ണര്‍ അനുവാദം നല്‍കിയിരുന്നില്ല. പദ്ധതി നടപ്പാക്കുന്നതിന് മുന്നേ കേന്ദ്രവുമായി കൂടിയാലോചിക്കണമെന്നായിരുന്നു അനില്‍ ബെജാലിന്റെ നിലപാട്. ലഫ്. ഗവര്‍ണറുടെ വസതിയില്‍ കെജരിവാളും മന്ത്രിമാരും നടത്തിയ സമരത്തിലെ പ്രധാന ആവശ്യങ്ങളിലൊന്ന് പദ്ധതിക്കുള്ള അനുവാദമായിരുന്നു.

തടസങ്ങളെ ഇല്ലാതാക്കി വീട്ടുപടിക്കല്‍ റേഷന്‍ എത്തിക്കുന്ന പദ്ധതിക്ക് അനുമതി നല്‍കി. ഭക്ഷ്യ വകുപ്പിനോട് എത്രയും പെട്ടന്ന് പദ്ധതി നടപ്പാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കെജരിവാള്‍ ട്വിറ്ററില്‍ കുറിച്ചു.

നേരത്തെ പദ്ധതിക്ക് അനുമതി നല്‍കി മന്ത്രിസഭാ ലഫ്. ഗവര്‍ണറുടെ അനുമതിക്കായി അയച്ചിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാറുമായി ചര്‍ച്ച ചെയ്യാനാവശ്യപ്പെട്ട് ലഫ്. ഗവര്‍ണര്‍ തിരിച്ചയക്കുകയായിരുന്നു.

ഇന്ന് രാവിലെ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജാലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അധികാര തര്‍ക്കത്തില്‍ സുപ്രീം കോടതിയുടെ വിധി വന്നതിന് ശേഷം ആദ്യമായാണ് ഇത്തരമൊരു കൂടിക്കാഴ്ച നടക്കുന്നത്.

Top Stories
Share it
Top