ധൂലെ ആള്‍ക്കൂട്ട ആക്രമണം; 23 പേർ കസ്റ്റഡിയിൽ

Published On: 2 July 2018 9:30 AM GMT
ധൂലെ ആള്‍ക്കൂട്ട ആക്രമണം; 23 പേർ കസ്റ്റഡിയിൽ

മുംബൈ: മഹാരാഷ്ടരയിലെ ധൂലെയില്‍ കുട്ടികളെ തട്ടികൊണ്ടു പോകുന്നവരെന്ന് സംശയിച്ച് അഞ്ചുപേരെ തല്ലിക്കൊന്ന കേസില്‍ പ്രതികളെന്ന് സംശയിക്കുന്നവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാവിലെ പതിനൊന്നിനായിരുന്നു കുട്ടികളെ തട്ടികൊണ്ടുപോകാന്‍ എത്തിയവരെന്ന് സംശയിച്ച് ആള്‍കൂട്ടം അഞ്ചുപേരെ ആക്രമിച്ചത്.

കല്ലും വടിയും ഉപയോഗിച്ച് ക്രൂരമായ ആക്രമണമായിരുന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന് സംഭവസ്ഥലത്തുവെച്ചു തന്നെ അഞ്ചുപേരും കൊല്ലപ്പെട്ടു. ഭരത് ശങ്കര്‍ ബോസ്‌ലെ(45), അദ്ദേഹത്തിന്റെ സഹോദരന്‍, ദാദാറാവു ശങ്കര്‍ ബോസ്‌ലെ, രാജു ബോസ്‌ലെ, ഭരത് മാല്‍വേ(47) എന്നിവരാണ് ആള്‍കൂട്ട മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ തയ്യാറായില്ല.

കൊലയാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യവും അവര്‍ ഉന്നയിച്ചു. സംഭവം നടന്ന് ഒരുദിവസം പിന്നിട്ടിട്ടും വിഷയത്തില്‍ അധികൃതര്‍ ഇടപെട്ടില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു. തങ്ങള്‍ക്ക് നീതി ലഭിക്കണമെന്ന് കൊല്ലപ്പെട്ട ദാദാശങ്കര്‍ ബോസ്‌ലെയുടെ മകന്‍ സന്തോഷ് ബോസ്‌ലെ പറഞ്ഞു. ആക്രമം നടന്ന സ്ഥലം പരിശോധിച്ച ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥന്‍ ദീപക് കേസര്‍ക്കര്‍ അക്രമികള്‍ക്ക് തക്കതായ ശിക്ഷ നല്‍കുമെന്ന് അറിയിച്ചു.

സമൂഹ്യ മാധ്യമങ്ങളില്‍ വരുന്ന പോസ്റ്റുകള്‍ വിശ്വസിക്കരുതെന്നും ജനങ്ങള്‍ നിയമം കൈയിലെടുക്കരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ധൂലെ സംഭവത്തില്‍ കേന്ദ്രമന്ത്രി രാംദാസ് അത്വാലെയും കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അശോക് ചവാനും അപലപിച്ചു. ഫട്‌നാവിസ് മന്ത്രിസഭയുടെ പരാജയമാണിതെന്നും അശോക് ചവാന്‍ ആരോപിച്ചു.

Top Stories
Share it
Top