മുസ്ലിം ആയതുകൊണ്ടല്ല തന്നെ കുടുക്കിയത്; വന്‍സ്രാവുകളെ രക്ഷിക്കാന്‍: ഡോ.ഖഫീല്‍ ഖാന്‍

Published On: 2018-04-30 11:15:00.0
മുസ്ലിം ആയതുകൊണ്ടല്ല തന്നെ കുടുക്കിയത്; വന്‍സ്രാവുകളെ രക്ഷിക്കാന്‍: ഡോ.ഖഫീല്‍ ഖാന്‍

'' മാനസികമായി തളര്‍ന്നു, ശരീരത്തിന് അസുഖം ബാധിച്ചു, വൈകാരിക ഊര്‍ജ്ജം ഇല്ലാതായി'' എട്ടുമാസം ജയിലില്‍ കഴിഞ്ഞ ശേഷം ശനിയാഴ്ച പുറത്തുവന്ന ഡോ.ഖഫീലിന്റെ വാക്കുകളാണിത്. എന്നാല്‍, ജയിലിനു പുറത്ത് അദ്ദേഹത്തെ കാത്തിരുന്ന ജനകൂട്ടത്തെ കണ്ടപ്പോള്‍ അദ്ദേഹം ഉത്സാഹഭരിതനയി കാണപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഗോരഖ്പൂര്‍ ബി. ആര്‍. ഡി ആശുപത്രിയില്‍ ഓക്‌സിജന്‍ ക്ഷാമം ഉണ്ടായപ്പോള്‍ അദ്ദേഹം രക്ഷപ്പെടുത്തിയ കുഞ്ഞുങ്ങളുടെ രക്ഷിതാക്കളും പുറത്തെ ആള്‍ക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.

ആഗസ്റ്റില്‍ അര്‍ദ്ധരാത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ 30 കുഞ്ഞുങ്ങള്‍ മരിച്ചതിനെ തുടര്‍ന്നുണ്ടായ കയ്‌പ്പേറിയ അനുഭവങ്ങള്‍ അദ്ദേഹം ഓര്‍ത്തു. ''ആരാണോ എന്നെ വില്ലന്‍ ആക്കിയത് അവര്‍ തന്നെ എന്നെ ഇപ്പോള്‍ ഹീറോ ആക്കിയിരിക്കുന്നു, മാധ്യമങ്ങള്‍ ഉള്‍പ്പടെ'' ഡോ.ഖഫീല്‍ പറഞ്ഞു. സ്വന്തം പണം ഉപയോഗിച്ച് കുഞ്ഞുങ്ങള്‍ക്കുളള പ്രാണവായും എത്തിച്ചുനല്‍കി നിരവധി കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തിയ ഡോ.ഖഫീലിന്റെ പ്രതിബദ്ധതയെ തുടക്കത്തില്‍ മാധ്യമങ്ങള്‍ ഉള്‍പ്പടെ പുകഴ്ത്തിയിരുന്നു.

എന്നാല്‍, ദുരന്തത്തിന് ഉത്തരവാദിയെന്ന് കണ്ടെത്തി അദ്ദേഹത്തെ സെപ്തംബര്‍ 2 ന് യു.പി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ഒമ്പത് പേരില്‍ ഒരാളാണ് ഖഫീല്‍. ഹോസ്പിറ്റലിലേക്ക് ലികുഡ് ഓക്‌സിജന്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട പുഷ്പ്പ സെല്‍സ് കമ്പനിയെ ടെന്‍ഡറില്‍ തെരഞ്ഞെടുത്തതും ഓക്‌സിജന്റെ അഭാവം ശ്രദ്ധിക്കാത്തതുമാണ് ഖഫീലിനെതിരായി ചുമത്തിയ കുറ്റം. ഇതിനുപുറമെ, സ്വകാര്യ പ്രാക്ടീസും അഴിമതിയും അദ്ദേഹത്തിനെതിരായി ചുമത്തി.

ബിആര്‍ഡി ആശുപത്രിയിലെ ദുരന്തത്തിനെതിരെ ദേശീയ തലത്തില്‍ പ്രതിഷേധം ഉയര്‍ന്നതിനു കാരണം ഡോ.ഖഫീല്‍ മാധ്യമങ്ങള്‍ക്ക് വിശദാംശങ്ങള്‍ നല്‍കിയതാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ രോഷാകുലനാക്കിയതെന്നും വാര്‍ത്തകളുണ്ട്.

ജയിലിലെ എട്ടുമാസം തന്നെ ആരും സന്ദര്‍ശിച്ചില്ലെന്നും കടുത്ത ഏകാന്തതയാണ് അനുഭവിച്ചതെന്നും ഖഫീല്‍ പറഞ്ഞതായി ദി പ്രിന്റെ റിപ്പോര്‍ട്ട് ചെയ്തു. ''യോഗിയെ പേടിച്ചതുകൊണ്ടായിരിക്കണം ആരും തന്നെ കാണാന്‍ വരാതിരുന്നത്'' ഖഫീല്‍ പറഞ്ഞു. ഈ ശിശുരോഗവിദഗ്ധന്‍ ജയിലില്‍ തറയിലായിരുന്നു കിടന്നത്. അവിടെയാണെങ്കില്‍ 150 പേരുണ്ടായിരുന്നു. ''ജയിലിനു പുറത്ത് 62 വയസുളള അമ്മയെ കണ്ടയുടനെ കെട്ടിപ്പിടിച്ച് അറിയാതെ പൊട്ടി കരഞ്ഞു പോയി. ആ ദൃശ്യം ഫോട്ടോഗ്രാഫര്‍ മാര്‍ പകര്‍ത്തുകയും സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു.

യോഗിജി എന്തിനാണ് എന്നെ തിരഞ്ഞെടുത്തതെന്ന് നിങ്ങള്‍ ചോദിക്കണം

ഡോ. ഖഫീല്‍ പറയുന്നത് ലക്ഷകണക്കിനു രൂപ ഓക്‌സിജന്‍ കമ്പനിക്ക് നല്‍കാനുണ്ട്. നിരവധി തവണ കമ്പനി അത് ഓര്‍മ്മ പെടുത്തിയിട്ടും നല്‍കിയില്ല. ''ഒരോ തവണയും അവര്‍ ഫയല്‍ മാറ്റി മാറ്റി അയച്ച് കളിക്കുകയായിരുന്നു. പിന്നീട് ദുരന്തം ഉണ്ടായപ്പോള്‍ അവര്‍ എന്നെ കുറ്റക്കാരനുമാക്കി''

ദുരന്തം സംഭവിച്ച രാത്രിയില്‍ അദ്ദേഹത്തിന് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്തു. കഴിയാവുന്നവരെയൊക്കെ രക്ഷപ്പെടുത്തി. എന്നാല്‍, തന്നെ കുടുക്കാന്‍ തന്റെ മതം അല്ല കാരണം അത് ഒരു ഘടകം മാത്രമാണെന്നും ദി പ്രിന്റ് ലേഖകനോട് ഡോ.ഖഫീല്‍ വെളിപ്പെടുത്തി. ''എന്നെ ലക്ഷ്യം വെയ്ക്കാന്‍ കാരണം തന്റെ മതമായിരിക്കില്ല കാരണം, അത് ഒരു ഘടകം മാത്രമാണ്. ലഖ്‌നൗവില്‍ ഇരിക്കുന്ന വന്‍ മത്സ്യങ്ങളെ രക്ഷപ്പെടുത്താനാണ് എന്നെ കുടുക്കിയതെന്നാണ് ഞാന്‍ കരുതുന്നത്.''

'' ഭരണപരാജയം മറച്ചുവെയ്ക്കാന്‍ എന്നെ കരുവാക്കുകയായിരുന്നു. പക്ഷെ, എന്തുകൊണ്ടാണ് യോഗിജി എന്നെ തിരഞ്ഞെടുത്തതെന്ന് എനിക്ക് പറയാന്‍ കഴിയുകയില്ല. അത് നിങ്ങള്‍ അദ്ദേഹത്തോട് ചോദിക്കണം''. ഡോ.ഖഫീല്‍ പറഞ്ഞതായി ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തു.

(കടപ്പാട് ദി പ്രിന്റിന്)


Top Stories
Share it
Top