ആന്ധ്രയുടെ വികാരത്തെ തൊട്ടു കളിക്കരുതെന്ന് കേന്ദ്രത്തോട് ചന്ദ്രബാബു നായിഡു     

Published On: 2018-04-05 07:30:00.0
ആന്ധ്രയുടെ വികാരത്തെ തൊട്ടു കളിക്കരുതെന്ന് കേന്ദ്രത്തോട് ചന്ദ്രബാബു നായിഡു     

ന്യൂഡല്‍ഹി: പ്രാദേശിക കക്ഷികളെ അംഗീകരിക്കാത്ത നിലപാടാണ് കേന്ദ്ര സര്‍ക്കാറിനെന്ന് ആന്ധ്രാ മുഖ്യമന്ത്രിയും തെലുങ്കുദേശം പാര്‍ട്ടി അധ്യക്ഷനുമായ കെ. ചന്ദ്രബാബു നായിഡു. അവരുടെ പാര്‍ട്ടി വളരണമെന്നും എല്ലായിടത്തും അവരുടെ നേതാക്കള്‍ മാത്രമായിരിക്കണമെന്നാണ് ബി.ജെ.പിയുടെ ആഗ്രഹം. പ്രാദേശികമായി ജനങ്ങളുടെ ആവശ്യങ്ങളെ ബിജെപി മനസിലാക്കുന്നില്ലെന്നും ദി ന്യൂ ഇന്ത്യാ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

വിഭജന സമയത്ത് ആന്ധ്രയ്ക്ക് നീതി ലഭിച്ചില്ല. അതിന് ജനങ്ങളുടെ ശിക്ഷ കോണ്‍ഗ്രസിന് കിട്ടി. ബി.ജെ.പിയില്‍ പ്രതീക്ഷ അര്‍പ്പിച്ച ജനങ്ങള്‍ക്കും തിരിച്ചടിയായിരുന്നു ഫലം. അതിനാലാണ് എന്‍.ഡി.എ വിട്ടത്. നീതിക്കായി പല വിട്ടുവീഴ്ചയും ചെയ്തു. നാലു വര്‍ഷം കാത്തിരുന്നു. അതേസമയം സംസ്ഥാനത്തിന്റെ വളര്‍ച്ച രണ്ടക്കത്തിലെത്തിക്കാനായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി, ധനകാര്യമന്ത്രി, മറ്റ് മന്ത്രിമാര്‍ തുടങ്ങിയവരുമായി 29 പ്രാവശ്യം കൂടിക്കഴ്ചകള്‍ നടത്തിയിട്ടുണ്ട്. അപ്പോഴെല്ലാം അവര്‍ വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുമായി തിരക്കിലായിരുന്നു. അതേസമയം 11 സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം പ്രത്യേക പദവി നല്‍കുകയും ചെയ്തു. ബിജെപിക്ക് രഹസ്യ അജണ്ടകളുണ്ട്. വിഭജനകാലത്ത് പറഞ്ഞ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ കേന്ദ്രം വീഴ്ച വരുത്തി. ആന്ധ്രാക്കാരുടെ വികാരത്തെ വ്രണപ്പെടുത്തുന്ന നീക്കമാണിത്. ജമ്മു കാശ്മീരിലും പഞ്ചാബിലും അസാമിലും നടന്നതു പോലുള്ള കാര്യങ്ങള്‍ ആന്ധ്രയിലും സംഭവിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. എല്ലാവരെയും ഒന്നിപ്പിച്ച് കൊണ്ടുപോവുകയും ആന്ധ്രയ്ക്ക് നീതി ഉറപ്പാക്കുകയുമാണ് നിലവിലെ ലക്ഷ്യമെന്നും പ്രധാനമന്ത്രി എന്ന മോഹമില്ലെന്നും അദ്ദേഹം പറഞ്ഞു.

Top Stories
Share it
Top