തന്നെ വകവരുത്താനുള്ള ശ്രമമാണ് സഹോദരന് നേരെയുണ്ടായ ആക്രമണം- ഡോ. കഫീല്‍ഖാൻ

Published On: 2018-06-11 10:30:00.0
തന്നെ വകവരുത്താനുള്ള ശ്രമമാണ് സഹോദരന് നേരെയുണ്ടായ ആക്രമണം- ഡോ. കഫീല്‍ഖാൻ

ലഖ്നൗ: കാഷിഫ് ജമീലിന് നേരെ നടന്ന വെടിവയ്പ്പ് തന്നെ വകവരുത്താനുള്ള ശ്രമമാണെന്ന് കഫീല്‍ഖാന്‍. ട്വിറ്ററിലൂടെയാണ് കാഫിൽ ഖാൻ പ്രതികരിച്ചത്. സഹോദരന്റെ ശരീരത്തില്‍ നിന്നും ബുള്ളറ്റുകളാണ് നീക്കം ചെയ്തതെന്ന് കഫീല്‍ ഖാന്‍ പറഞ്ഞു. ‘ഓപ്പറേഷന്‍ വിജയകരമായിരുന്നു. അദ്ദേഹം ഇപ്പോള്‍ ഐസിയുവിലാണ്. ആരാണ് വെടിയുതിര്‍ത്തതെന്ന് ഞങ്ങള്‍ക്ക് അറിയില്ല. സമീപത്തെ ക്ഷേത്രത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്ത ഒരു ചടങ്ങ് നടന്നിരുന്നു. ഈ ക്ഷേത്രത്തിൽനിന്ന് അരക്കിലോമീറ്റർ ദൂരെ വച്ചാണു കാഷിഫിന് നേരെ വെടിവയ്പ്പുണ്ടായത് കാഫിൽഖാൻ പറഞ്ഞു. ബുള്ളറ്റുകളിലൊന്ന് സഹോദരന്റെ കഴുത്തിലാണ് തറച്ചതെന്നും അത് നീക്കം ചെയ്യാന്‍ അടിയന്തര ശസ്ത്രക്രിയ വേണ്ടിവന്നുവെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ കഷിഫിന്റെ ഓപ്പറേഷന്‍ പോലീസ് 'ഫോര്‍മാലിറ്റി'യുടെ പേര് പറഞ്ഞ് വൈകിപ്പിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. ശരീരത്തില്‍ മൂന്ന് വെടിയുണ്ടകള്‍ തറച്ച നിലയില്‍ ഞായറാഴ്ച രാത്രി 10.30 ഓടെയാണ് കാഷിഫ് ജമീലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉടന്‍ തന്നെ ഓപ്പറേഷന്‍ നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചെങ്കിലും ചില ഫോര്‍മാലിറ്റികള്‍ ചെയ്തുതീര്‍ക്കാനുണ്ടെന്ന് പറഞ്ഞ് മൂന്ന് മണിക്കൂറോളം നേരം പോലീസ് ഓപ്പറേഷന്‍ വൈകിപ്പിച്ചെന്ന് കഫീല്‍ ഖാന്റെ മറ്റൊരു സഹോദരന്‍ അദീല്‍ ഖാന്‍ പറഞ്ഞു.

ബൈക്കില്‍ വീട്ടിലേക്ക് വരികയായിരുന്ന ജമീലിനെ ഗൊരഖ്‌നാഥ് ക്ഷേത്രത്തിന് സമീപത്ത് വെച്ച് വണ്ടി നിര്‍ത്തിച്ച് ചിലര്‍ ചിലര്‍ വെടിവെക്കുകയായിരുന്നു. മൂന്നു തവണയാണ് ഇവര്‍ ജമീലിന് നേരെ വെടിയുതിര്‍ത്തത്. കഴുത്തിനും കൈയ്ക്കുമാണ് വെടിയേറ്റത്. ഗൊരഖ്പൂരിലെ സ്റ്റാര്‍ ഹോസ്പിറ്റലിലാണ് ജമീലിനെ പ്രവേശിപ്പിച്ചിട്ടുള്ളത്. എട്ടുമാസത്തെ ജയില്‍വാസത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ കഫീല്‍ഖാന്‍ കേരളത്തിലടക്കം വിവിധ വേദികളിലെത്തി യുപി സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു.

Top Stories
Share it
Top